തൃശൂര്‍: കോര്പറേഷന് വികസനസെമിനാറില്‍ അവതരിപ്പിച്ച വികേന്ദ്രീകൃതാസൂത്രണ പദ്ധതികള്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 81.85 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇത് അന്തിമഅംഗീകാരത്തിന് ഡി.പി.സിയിലേക്ക് അയക്കും. നിലവിലെ വിഹിതമനുസരിച്ച് പ്ലാന്‍ഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ് എന്നീ വിഭാഗങ്ങളില്‍ ഓരോ ഡിവിഷനും 20 ലക്ഷം രൂപ വീതം ലഭിക്കും. പ്ലാന്‍ഫണ്ടില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം വീണ്ടും ചില മാറ്റങ്ങള്‍ വരുത്താവുന്നതാണെന്ന് ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ചര്‍ച്ചകള്‍ക്കു മറുപടി പറയവെ വിശദീകരിച്ചു. പട്ടികജാതിവികസന ഫണ്ട് അപര്യാപ്തമാണെന്നും ജീവനക്കാരെ ആവശ്യത്തിനു നിലനിര്‍ത്തിയാലേ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകൂ എന്നും പ്രതിപക്ഷനേതാവ് എം.കെ മുകുന്ദന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴിന് ടൗണ്‍ഹാളിലാണ് വികസന സെമിനാര്‍ നടത്തിയത്. വിഭാവനം ചെയ്യുന്ന തുക: കൃഷി, ജലസേചനം- നാലു കോടി. വിദ്യാഭ്യാസം-അഞ്ചുകോടി. കുടിവെളളം-3.6 കോടി. സാമൂഹ്യക്ഷേമം-ഏഴു കോടി. പാര്‍പ്പിടം-16 കോടി. പശ്ചാത്തല വികസനം-21.9 കോടി. ആരോഗ്യം, മാലിന്യനിര്‍മാര്‍ജനം-8.4 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: