കുമളി: കുമളിയില്‍ നിന്ന് രണ്ടു മൈലോളം വനത്തിലൂടെ നടന്ന് ഡോക്ടര്‍ എസ് അജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നും ഭക്ഷണവും വസ്ത്രവും നല്‍കിയപ്പോള്‍ ഗോപാലന്റെയും കല്ല്യാണിയുടെയും മുഖത്ത് നിറഞ്ഞ സന്തോഷം. പ്രായം നാല്‍പത്തഞ്ചു മാത്രമെങ്കിലും കൂട്ട് കുടുംബത്തിലെ കരണവരാണ് ഗോപാലന്‍. മുപ്പത്തിയെട്ടുകാരിയായ കല്യാണിയാകട്ടെ പത്തു മക്കളുടെ അമ്മയും.
ഏറ്റവും മുതിര്‍ന്നയാള്‍ക്കു പ്രായം ഇരുപത്തിയൊന്നെങ്കില്‍ ഇളയ കുട്ടിക്ക് വെറും അഞ്ചു വയസ് മാത്രം. ഇടുക്കിയിലെ തന്നെ സത്രം എന്ന വന പ്രദേശത്തു നിന്ന് വള്ളക്കടവ് പച്ചക്കനത്തേക്കു കുടിയേറിയവരാണ് മലമ്പണ്ടാര ഗോത്ര വിഭാഗത്തില്‍ പെടുന്ന ഗോപാലനും കുടുംബവും. ഇവിടെ എത്തിയതിനു ശേഷം കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ കൃത്യമായ ഇടവേളകളില്‍ ഇവരെ സന്ദര്‍ശിച്ചു കുട്ടികള്‍ക്ക് പ്രധിരോധ കുത്തി വയ്‌പുകളും മരുന്നുകളും നല്‍കുന്നുണ്ട്. മകള്‍ കുഞ്ഞു മോളി തന്റെ അഞ്ചാമത്തെ കുട്ടിക്ക് ജന്മം നല്‍കിയിട്ടു കേവലം ഒരു മാസം മാത്രം. ഭര്‍ത്താവ് രാമന്‍കുട്ടിയോടൊപ്പം മാതാപിതാക്കളുടെ കുടിലിനു സമീപത്തു തന്നെ ചെറിയ കുടില്‍ കെട്ടിയാണ് ഇവരും താമസിക്കുന്നത്. നാല് കുട്ടികള്‍ തമ്മില്‍ കേവലം ഒരു വയസ്സിന്റെ മാത്രം വ്യത്യാസം ഉള്ള മക്കള്‍ക്കും മാതാവ് കുഞ്ഞുമോളിക്കും പ്രധിരോധ കുത്തി വയ്‌പുകളും ആധുനിക ചികിത്സ രീതികളും പുതിയ അറിവാണെങ്കിലും പൂര്‍ണമായി ഇതിനോട് സഹകരിക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ശിശു ക്ഷേമ സമിതി ജീവനക്കാരുടെയും ഉദാര മനസ്‌കതയിലാണ് കൊടും വേനലിനെയും പെരുമഴയെയും അതി ജീവിച്ചുള്ള ഇവരുടെ ജീവിതം. പ്രകൃതി ക്ഷോഭങ്ങളും, വന്യ ജീവികളുടെ ആക്രമണങ്ങളും, ഭക്ഷ്യ വിഭവങ്ങളുടെ അഭാവവും ഇവരെ നിരന്തരം കൂടു മാറാന്‍ നിര്‍ബന്ധിതരാക്കുന്നു. അതുകൊണ്ട് തന്നെ ഓരോ തവണയും ഇക്കൂട്ടരെ കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു.
ആധുനിക ലോകത്തിന്റെ ജീവിത ക്രമങ്ങള്‍ അന്യമായ മലമ്പണ്ടാര വിഭാഗത്തിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമല്ല കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ എസ് അജേഷിനോടൊപ്പം, ജീവനക്കാരായ കെ കുമാരി, ടി സി മിനി, അരുണ്‍ അമ്പാടി, അഫ്‌സല്‍, ഉഷാകുമാരി എന്നിവരാണ് കാടും മലയും താണ്ടി ഈ ആദിവാസി കുടുംബത്തെ സന്ദര്‍ശിച്ചത്.
















