ktr ganapathi temple kulam cleaning
കൊട്ടാരക്കര: 13 ലക്ഷം രൂപ മുടക്കി മഹാഗണപതിക്ഷേത്രക്കുളത്തിന്റെ ശുദ്ധീകരണ ജോലികള്‍ ആരംഭിച്ചു. കുളത്തിലെ ജലം പൂര്‍ണ്ണമായി വറ്റിച്ച് ചെളി നീക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വലിയതോതില്‍ മത്സ്യങ്ങളുള്ള കുളത്തിലെ ജലം ഏറെ നാളായി മലിനമാണ്. ഒരു വര്‍ഷം മുമ്പ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതോടെയാണ് കുളം വൃത്തിയാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കുളത്തിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് എണ്ണൂറിരട്ടിയാണെന്ന് കണ്ടെത്തിയിരുന്നു.
കിഴക്കേക്കര മംഗല്യയില്‍ രാജശേഖരന്‍പിള്ള ആവശ്യമുന്നയിച്ച് ദേവസ്വംബോര്‍ഡിനും മനുഷ്യാവകാശ കമ്മീഷനും നിവേദനങ്ങള്‍ നല്‍കിയിരുന്നു. കുളം വൃത്തിയാക്കണമെന്ന ആവശ്യപ്പെട്ട് പൗരസമിതി നേതൃത്വത്തില്‍ മാര്‍ച്ചും നടത്തിയിരുന്നു. തുടര്‍ന്നാണ് കുളം ശുചീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് പണം അനുവദിച്ചത്. കുളത്തിലെ മത്സ്യങ്ങളെ താത്കാലിക ടാങ്കിലേക്കു മാറ്റിയും സമീപമുള്ള പടിഞ്ഞാറ്റിന്‍കര ക്ഷേത്രക്കുളത്തിലേക്കു മാറ്റിയും സംരക്ഷിക്കുമെന്നാണ് പറയുന്നതെങ്കിലും ഇത് പ്രായോഗികമാണോ എന്നത് സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്. വലിയ അളവില്‍ മത്സ്യങ്ങള്‍ ഇവിടെയുണ്ട്. ശുദ്ധജലത്തിന്റെ അളവ് കുറയുമ്പോള്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങാനും സാധ്യത കൂടുതലാണ്. കുളത്തിലെ വെള്ളം ഒഴുകിപോകുന്നതിനുള്ള ഓവുചാല്‍ അടഞ്ഞു കിടക്കുന്നതാണ് കുളത്തിലെ വെള്ളം കെട്ടിക്കിടന്ന് മലിനമാകാന്‍ പ്രധാന കാരണം. ഇത് കാരണം മീനുകള്‍ ചത്ത് പൊങ്ങിയത് പ്രതിഷേധത്തിനടയാക്കിയിരുന്നു. ഈ ചാല്‍ പുനനിര്‍മ്മിച്ചില്ലങ്കില്‍ വീണ്ടും വെള്ളം മലിനമാകും.
















