പാലക്കാട്: അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനാധ്യാപികയായ കന്യാസ്ത്രീ കരണത്തടിച്ച് പല്ലിളക്കിയ സംഭവത്തില്‍ പാലക്കാട്ടെ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു. സെന്റ് സെബാസ്റ്റ്യന്‍ സീനിയര്‍ ബേസിക് സ്കൂളിനു മുമ്പിലും തുടര്‍ന്ന് നഗരസഭയ്ക്കു മുമ്പിലും നടന്ന പ്രതിഷേധ ധര്‍ണ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി അമ്പലപ്പാറ നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു.
സര്‍വ്വോദയമണ്ഡലം ജില്ലാ പ്രസിഡണ്ട് പുതുശ്ശേരി ശ്രീനിവാസന്റെ മകന് ആനന്ദ് ശ്രീനിവാസനെയാണ് സ്കൂളിലെ പ്രധാനധ്യാപിക സിസ്റ്റര്‍ അന്ന മേരി മുഖത്തടിച്ചത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ അണപ്പല്ല് ഇളകിയിട്ടുണ്ട്. നാലുദിവസമായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ് തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്.
കുട്ടിയുടെ കരണത്തടിച്ച അധ്യാപികയെ പുറത്താക്കണമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയത്. വി സി കബീര്‍, കെ എം ഹിലാല്‍, പുതുശ്ശേരി ശ്രീനിവാസന്, ഗിരീഷ് കടുന്തുരുത്തി, വിശ്വകുമാരന്‍ നായര്‍, മുണ്ടൂര്‍ രാമകൃഷ്ണന്, കെ ചെന്താമരാക്ഷന്, വി പി നിജാമുദ്ദീന്‍, സന്തോഷ് മലമ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ലാ കളക്ടറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. നഗരസഭാ ചെയര്മാന് പ്രമീള ശശീധരന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍, എ ഇ ഒ വിജയന് എന്നിവര്‍ തിങ്കളാഴ്ച ആശുപത്രിയിലെത്തി കുട്ടിയോട് വിവങ്ങള്‍ അന്വേഷിച്ചു.
മാനസികാഘാതത്തില്‍ നിന്ന് വിമുക്തി നേടാന്‍ ആനന്ദിന് കൗണ്‍സിലിംഗ് നല്‍കാനും സ്കൂളില്‍ കുട്ടിക്ക് പഠനാന്തരീക്ഷമൊരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനന്ദിനൊപ്പം മര്‍ദ്ദനമേറ്റ മറ്റു കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായെത്തിയ സാഹചര്യത്തില്‍ സ്കൂളിലേക്ക് ഒരു കൗണ്‍സിലിംഗ് ടീമിനെ അയക്കാനുളള നടപടി സ്വീകരിക്കാന്‍ ജില്ലാ ശിശു സംരക്ഷണയൂണിറ്റ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: