പുതുക്കാട്: അളഗപ്പനഗര്‍ കുട്ടാടന്‍പാടത്ത് സ്വകാര്യ വ്യക്തികള്‍ മണ്ണെടുത്ത കുഴിയിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മീന്‍പിടിക്കുന്നതിനുള്ള മറവില്‍ മൂന്ന് ഏക്കര്‍ വരുന്ന പാടത്തെ വെള്ളമാണ് അനുമതിയില്ലാതെ സമീപത്തെ തോട്ടിലേക്ക് ഒഴുക്കി കളഞ്ഞത്.തിങ്കളാഴ്ച വൈകീട്ട് സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. ഹെക്ടര്‍കണക്കിന് നെല്‍കൃഷി ചെയ്തുവരുന്ന പാടശേഖരത്തിലെ ചേരുംപാടം, നെട്ടേപ്പാടം എന്നിവിടങ്ങളില്‍ വെള്ളം ലഭിക്കാതെ കൃഷി നശിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
വ്യാപകമായി പാടത്തെ വെള്ളം പമ്പ് ചെയ്ത് കളയുന്നതുമൂലം സമീപ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമവും നേരിടുമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പാടത്തേക്ക് വെള്ളം കടത്തിവിട്ടിരുന്ന തോട് അടച്ചു കെട്ടിയാണ് സ്വകാര്യ വ്യക്തികള്‍ പമ്പിംഗ് നടത്തി വെള്ളം വറ്റിക്കാന്‍ ശ്രമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി,പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, പഞ്ചായത്തംഗം ജോബി ജോളി, സിപിഐ നേതാവ് പി.സി.സാജു എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: