തൃശൂര്‍: ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാക്ക് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ വൈകീട്ട് ആറേകാലോടെ ഷൊര്‍ണൂരില്‍ നിന്ന് എറണാകുളത്തേക്ക് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന അമിത്ഷാക്ക് ബിജെപി ജില്ലാനേതാക്കള്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരും ആവേശപൂര്‍വം മുദ്രാവാക്യം മുഴക്കി അമിത്ഷായെ വരവേറ്റു. കോഴിക്കോട് ദേശീയ കൗണ്‍സില്‍ സമാപിച്ചശേഷം മാതാഅമൃതാനന്ദമയിയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കാനായി കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു ബിജെപി അദ്ധ്യക്ഷന്‍. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, നേതാക്കളായ വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്, എം.എസ്.സംപൂര്‍ണ തുടങ്ങിയവരും അമിത്ഷാക്കൊപ്പം ട്രെയിനിലുണ്ടായിരുന്നു. അമിത്ഷായുടെ ചിത്രങ്ങളും വര്‍ണബലൂണുകളും ബിജെപി പതാകകളും ഉയര്‍ത്തിവീശി മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ നേതാവിന് അഭിവാദ്യമര്‍പ്പിച്ചത്. ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, വൈസ് പ്രസിഡണ്ട് രവികുമാര്‍ ഉപ്പത്ത്, കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, ഐ. ലളിതാംബിക, നേതാക്കളായ ഇ.വി.കൃഷ്ണന് നമ്പൂതിരി, ജസ്റ്റിന് ജേക്കബ്, പി.കെ.ബാബു, സര്ജുതൊയക്കാവ്, കെ.പി.ജോര്‍ജ്ജ്, ഷാജന് ദേവസ്വം പറമ്പില്‍, സുധീഷ് മേനോത്തുപറമ്പില്‍, വിനോദ് പൊള്ളഞ്ചേരി, പ്രദീപ് മുക്കാട്ടുകര, രഘുനാഥ് സി.മേനോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: