കൊല്ലം: ശരീരം തളര്‍ന്ന് കിടപ്പിലായ ജാമ്യക്കാരന്റെ വീടും വസ്തുവും വായ്‌പ കുടിശികയുടെ പേരില്‍ ജപ്തി ചെയ്യാനുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ കേസെടുത്ത് നോട്ടീസയച്ചു.
ഏനാത്ത് ഇളങ്ങമംഗലം പൂന്തോട്ടത്തില്‍ മോഹനന്‍നായരുടെ വീട് ഉള്‍പ്പെടെ ഏഴു സെന്റ് ബാങ്ക് ജപ്തി ചെയ്‌തെന്നാണ് പരാതി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മോഹനന്‍നായരുടെ സുഹൃത്തിന് കേരള ഗ്രാമീണ്‍ബാങ്കിന്റെ ഏനാത്ത് ശാഖയില്‍ നിന്നും 50000 രൂപ വായ്‌പയെടുക്കാനാണ് മോഹനന്‍ നായര്‍ ജാമ്യം നിന്നത്. വായ്‌പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് 1,29,855 രൂപ കുടിശിക വന്നു. തലച്ചോറിലെ ഞരമ്പുകള്‍ക്കുണ്ടായ ഗുരുതര രോഗത്തെ തുടര്‍ന്നാണ് മോഹനന്‍നായര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ശരീരം തളര്‍ന്നുകിടപ്പിലായത്. ഓര്‍മ്മശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടതായി പറയുന്നു. കേരള ഗ്രാമീണ ബാങ്കിന്റെ ഏനാത്ത് ശാഖാ മാനേജര്‍ രണ്ടാഴ്ചയ്‌ക്കകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം ആവശ്യപ്പെട്ടു.
















