തലയോലപ്പറമ്പ്: കടന്നല്‍ കുത്തേറ്റ് ദമ്പതികളടക്കം പതിനാലുപേര്‍ ചികിത്സയില്‍. ഇറുമ്പയം പൂമംഗലത്ത് വേണുഗോപാലന്‍ നായര്‍(49), ഭാര്യ രമാദേവി(45), പൂമംഗലത്ത് ദാസന്‍(50), ഭാര്യ ഉഷ(45), ഓട്ടോ ഡ്രൈവര്‍ മുണ്ടയ്‌ക്കല്‍ പ്രവീണ്‍(32), കിഴക്കേപുത്തന്‍പുര വര്‍ഗീസ്(53), ഈന്തുങ്കല്‍പുത്തന്‍പുരയില്‍ ഐസക്ക്(67), ഒരപ്പനായില്‍ അഭിമന്യു(65), കാഞ്ഞിരംചുവട്ടില്‍ അരുണ്‍ മാത്യു(28), നടുപ്പറമ്പില്‍ ജിമ്മി(46), സജീഭവനില്‍ വക്കച്ചന്‍(52), വെട്ടോളില്‍ വി എം സണ്ണി(40), പാറക്കോട്ടില്‍ വക്കച്ചന്‍(52), അടിത്തിപ്പാടത്ത് സുരേഷ്(42) എന്നിവര്‍ക്കാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ദാസനെയും ഉഷയെയും എച്ച്എന്‍എല്‍ ആശുപത്രിയിലും ബാക്കിയുള്ളവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇറുമ്പയം കപ്പേള പള്ളിയ്‌ക്ക് സമീപമുള്ള കലയത്തുംകുന്ന്-പൂവത്തുംചുവട് റോഡില്‍ പൂവത്തുംചുവട് ജംഗ്ഷനില്‍ ഞായറാഴ്‌ച്ച വൈകിട്ട് നാലിനാണ് സംഭവം. ഇവിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ആഞ്ഞിലി മരത്തില്‍ വര്‍ഷങ്ങളായുണ്ടായിരുന്ന ഭീമന്‍ കൂട്ടില്‍നിന്നും ഇളകിയ കടന്നലുകളാണ് യാത്രക്കാരെയും സമീപവാസികളെയും ആക്രമിച്ചത്. ഇലഞ്ഞിയില്‍ കല്ല്യാണത്തിനുപോയി ബൈക്കില്‍ മടങ്ങി വരികയായിരുന്ന വേണുഗോപാലന്‍ നായര്‍ക്കും ഭാര്യയ്‌ക്കുമാണ് ആദ്യം കടന്നല്‍ കുത്തേറ്റത്. പരിക്കേറ്റ ഇവര്‍ ബൈക്കുപേക്ഷിച്ച് സമീപത്തെ വീട്ടില്‍ അഭയം തേടി. ഇതുകണ്ട് അപകടമാണെന്ന് കരുതി ഓടിക്കൂടിയപ്പോഴാണ് വേണുഗോപാലിന്റെ അയല്‍വാസിയും ബന്ധുവുമായ ദാസനും ഭാര്യ ഉഷയ്‌ക്കും ഓട്ടോ ഡ്രൈവറായ പ്രവീണിനും പരിക്കേറ്റത്. ആക്രമണത്തിനിരയായ മറ്റുള്ളവരെല്ലാം വഴിയാത്രക്കാരും സമീപവാസികളുമാണ്. കടന്നലുകളുടെ ആക്രമണത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെസമയം നിര്‍ത്തിവെച്ചു. ശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കൂടിനേറ്റ ക്ഷതമാകാം കടന്നലുകള്‍ ഇളകാന്‍ കാരണമെന്ന് കരുതുന്നു. സംഭവമറിഞ്ഞ് വെള്ളൂര്‍ പോലീസും കടുത്തുരുത്തിയില്‍നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ജനപ്രതിനിധികളും വില്ലേജ് അധികൃതരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു. രാത്രിയോടെ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കടന്നല്‍ കൂട് കത്തിച്ചു.
















