അന്തിക്കാട്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് അടുക്കളയില്‍ തീ പടര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഉണ്ടായില്ല. അയല്‍വാസിയായ പ്ലായ്ക്കല്‍ പ്രസാദ് അടുക്കളയുടെ വെന്റിലേറ്റര്‍ തല്ലിത്തകര്‍ത്ത് ,ഗ്യാസ് സിലിണ്ടറിലേക്ക് വെള്ളം പമ്പ് ചെയ്തതിനാല്‍ തീ പടര്‍ന്നു പിടിക്കുന്നത് ഒഴിവായി.
തൃശ്ശൂര്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. പടിയം, ആല ജംങ്ഷനു സമീപം , പള്ളിയില്‍ സജീവന്റെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 5.45 ഓടെയായിരുന്നു അപകടം. ഗ്യാസ് അടുപ്പില്‍ കുക്കര്‍ വെച്ച്, വീട്ടമ്മയായ അമ്പിളി മറ്റു ജോലികളില്‍ വ്യാപൃതയായിരിക്കുന്നതിനിടയിലാണ് അടുക്കളയില്‍ ഗ്യാസ് ചോര്‍ന്ന് തീ ആളി പടര്‍ന്നത്. തല്‍ക്ഷണം ഭര്‍ത്താവ് സജീവനോടൊപ്പം അമ്പിളി, കുട്ടികളേയും കൊണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും എത്തിയ അഗ്നിശമന സേനയും അന്തിക്കാട് പോലീസും ചേര്‍ന്ന് തീ അണച്ചു.
ഗ്യാസ് സിലിണ്ടര്‍ പുറത്തെടുത്ത അഗ്നിശമന സേനാംഗങ്ങളായ എഎസ്ടിഒ ജിജിമോന്, എഫ് ടി ജോണ്‍ ബ്രിട്ടോ, അജിത്കുമാര്‍, വിപിന്‍, ധനേഷ്, അഫ്സല്, അന്തിക്കാട് പോലീസ് ഉദ്യോഗസ്ഥന്മാരായ സിപിഒ സോണി, സന്തോഷ്, വിപിന്‍ എന്നിവര്‍ ഓടിക്കൂടിയ നൂറിലധികം വരുന്ന നാട്ടുകാര്‍ക്ക് തീ അണയ്ക്കേണ്ട വിധവും മുന്‍കരുതലുകളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: