പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ അടിക്കടിയുണ്ടാകുന്നത് നിരവധി മോഷണങ്ങള്‍. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും രോഗികളുടെയും വരെ പണം നഷ്ടമാകുന്നതായി പരാതി. ബാഗിലോ പഴ്സിലോ സൂക്ഷിക്കുന്ന പണമാണ് മിക്കവാറും അപഹരിക്കുന്നത്. പലപ്പോഴും നഷ്ടമാകുന്നത് ചെറിയ തുകകളായതിനാല്‍ പോലീസില്‍ പരാതി നല്‍കാനും ആരും മുന്‍കൈ എടുക്കുന്നില്ല. ഇത് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ ധൈര്യം പകരുകയാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് മോഷണം. ആശുപത്രിയുടെ ഡ്രസിംഗ് റൂമിനുള്ളില്‍ നിന്ന് വരെയാണ് സാധനങ്ങള്‍ മോഷണം പോകുന്നത്. സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ സൂക്ഷിക്കാന്‍ കബോര്‍ഡുകളോ അലമാരയോ ഒന്നും തന്നെ ഇവിടെ ഇല്ല. നഴ്സിംഗ് സ്റ്റേഷനിലെ കട്ടിലിലോ മേശയിലോ സാധനങ്ങള്‍ കൊണ്ടുവെക്കുക മാത്രമാണ് ഏക പോംവഴി. പ്രതിദിനം 1500 മുതല്‍ 2000 വരെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും വേറെയും. ആശുപത്രിയിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ്പ അവാര്‍ഡ് വരെ നേടിയതാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി. അതേസമയം, അസൗകര്യങ്ങളുടെ കാര്യത്തിലും വീര്‍പ്പ് മുട്ടുകയാണ്. ആ സാഹചര്യത്തിലാണ് അടിക്കടിയുണ്ടാകുന്ന മോഷണങ്ങള്‍ ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. അതേസമയം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ മോഷണങ്ങള്‍ തടയാനാകും എന്നാണ് ജീവനക്കാരുടെ വിശ്വാസം. ചെറിയ ചെറിയ സ്ഥാപനങ്ങള്‍ പോലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഊട്ടിയുറപ്പിക്കുമ്പോഴാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അലംഭാവങ്ങള്‍ തുടര്‍ക്കഥയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: