കുന്നംകുളം : നഗരസഭയുടെ അനുമതിയില്ലാതെ മാസങ്ങള്‍ക്കു മുന്‍പ് മുറിച്ചു കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മഹാഗണി മരം നഗരസഭയുടെ കണ്മുന്നില് നശിക്കുന്നു . കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭയോട് ചേര്‍ന്ന കുട്ടികളുടെ പാര്‍ക്കില്‍ അപകടകരമായ രീതിയില്‍ വളര്‍ന്നു നില്ക്കുന്ന പൂമരം മുറിച്ചു നീക്കാനുള്ള അനുമതിയിലാണ് മഹാഗണി മരം മുറിച്ചു കടത്തിയത്. ഇതിനെതിരെ ബി.ജെ.പി കൗണ്‍സിലര്‍ മാരുടെ നേതൃത്വത്തില്‍ പ്രധിഷേധം നടന്നതോടെ മുറിച്ചു കടത്തിയ മരങ്ങള്‍ കൊണ്ടുപോയ മില്ലില്‍ നിന്നും തിരികെ കൊണ്ടുവന്നിടുകയായിരുന്നു, തുടര്‍ന്ന് കുന്നംകുളം പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മരത്തിനു വിലയിടുകയും ചെയ്തു . നഗരസഭാ ചെയര്‍മാന്റെ അനുമതിയോടെയാണ് ഈ അഴിമതി നടന്നതെന്ന് ആരോപണത്തില്‍ കൗണ്‍സിലില്‍ ബഹളവും, പ്രക്ഷോഭങ്ങളും നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ചെയര്‍മാന്റെ പേഴ്സണല്‍ സ്റ്റാഫിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തു. മാസങ്ങള്‍ക്കു ശേഷം ഇയാളെ കൗണ്‍സില്‍ കമ്മറ്റിയെ അറിയിക്കാതെ റവന്യൂ വിഭാഗത്തിലേക്ക് നിയമിക്കുകയും ചെയ്തിട്ടുണ്ട്. വനം വകുപ്പ് അധികൃതര്‍ മരത്തിനു വിലയിട്ട്കഴിഞ്ഞാല് ലേലം ചെയ്യാമെന്നിരിക്കെ അധികൃതരുടെ അനാസ്ഥയില്‍ മരങ്ങള്‍ നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: