കുറവിലങ്ങാട്: താലൂക്ക് ആശുപത്രിയെന്ന് തലേക്കെട്ടില്‍ മാത്രം മാറ്റംവന്ന ഗവ. ആശുപത്രിക്ക് ലഭിച്ച എക്‌സ്‌റേ മെഷീന്‍ എട്ടുമാസമായിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. ആശുപത്രിമാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നല്‍കിയ എക്‌സ്‌റേ മെഷീനാണ് ഒരുവര്‍ഷമാകാറായിട്ടും പ്രവര്‍ത്തനം നടത്താതെ നാശത്തിലേക്ക് നീങ്ങുന്നത്. ആശുപത്രി വികസനത്തിന്റെ ഭാഗമായി പണിതീര്‍ത്ത മുറിയിലാണ് ഈ മെഷീന്‍ വിശ്രമം തുടരുന്നത്. എട്ടുലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മെഷീനാണ് ആര്‍ക്കും പ്രയോജനപ്പെടാതെ കിടക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അധികൃതരുടെ കണ്ണ് തുറക്കുമ്പോഴേക്കും മെഷിന്‍ കണ്ണ് തുറക്കാതെയാകുമെന്നതാണ് സ്ഥിതി.
എക്‌സ്‌റേ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനായി നിര്‍മ്മിച്ച കെട്ടിടം ഇനിയും ആശുപത്രിക്ക് കൈമാറാത്തതാണ് പ്രധാന പ്രതിസന്ധിയായി നില്‍ക്കുന്നത്. ഈ കെട്ടിടടത്തിന്റെ വൈദ്യുതീകരണമടക്കം പൂര്‍ത്തീകരിച്ച് ആശുപത്രിക്ക് കൈമാറണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. കെട്ടിടനിര്‍മ്മാണം ഭാഗികമായി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം പിന്നിട്ടുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മെഷീന്‍ എത്തിയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്. സ്വന്തമായി മെഷീന്‍ ഉണ്ടെങ്കിലും നിര്‍ധന രോഗികള്‍ പണം മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് എക്‌സ്‌റേ എടുക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. കെട്ടിടം തയ്യാറായാലും എക്‌സ്‌റേ ടെക്‌നീഷ്യനെ നിയമിക്കാത്തതിനാല്‍ എന്തുചെയ്യുമെന്ന ചോദ്യവും ബാക്കിയാണ്.
താലൂക്ക് ആശുപത്രിയെന്ന് പേര് പറയുന്ന ഈ ചികിത്സാ കേന്ദ്രത്തിന് സ്വന്തമായി ഫാര്‍മസിസ്റ്റ് പോലുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കുറഞ്ഞത് മൂന്നൂറിലധികം രോഗികള്‍ ഒപി വിഭാഗത്തില്‍ മാത്രം ചികിത്സതേടിയെത്തുന്ന ആശുപത്രിയിലാണ് രോഗികള്‍ക്ക് നിലവിലുള്ള സൗകര്യങ്ങള്‍പ്പോലും കൃത്യമായി ലഭ്യമാകാത്തത്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ഉറപ്പുവരുത്തേണ്ട ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കടലാസിലൊതുങ്ങുന്നതായാണ് ആക്ഷേപം.
















