മാനന്തവാടി : സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നാഷണല്‍ കൗണ്‍സിലിന്റെ മുന്നോടിയായി മാനന്തവാടിയില്‍നിന്ന് ജ്യോതിപ്രയാണം ആരംഭിച്ചു. വീര കേരളവര്‍മ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിലെ ബലികുടീരത്തില്‍നിന്ന് ദീപം ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന് ദീപശിഖയിലേക്ക് പകര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറിന് കൈമാറി. ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും ആയിരത്തിഎണ്ണൂറ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ കൗണ്‍സില്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങള്‍ ഇന്ന് ഭാരതത്തെ ഉറ്റുനോക്കുകയാണ്. ദേശീയ കൗണ്‍സിലില്‍ ലോക്സഭാ, രാജ്യസഭാ എംപിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, നഗരസഭാ അദ്ധ്യക്ഷന്മാര്, സംസ്ഥാനങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക.
ഇന്ന് രാവിലെ കരിപ്പൂരിലെത്തുന്ന അമിത്ഷായെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. 23ന് രാവിലെ ഒന്‍പത് മണിക്ക് കടവ് റിസോര്‍ട്ടില്‍ അദ്ദേഹം സംസാരിക്കും. 24ന് 3.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തും. കടപ്പുറത്ത് സ്വപ്നനഗരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിനുപുറമെ രാത്രി 7.30ന് സാമൂതിരി സ്കൂളില്‍ നടക്കുന്ന സ്മൃതിസന്ധ്യയിലും അദ്ദേഹം പങ്കെടുക്കും. ജനസംഘം പ്രവര്‍ത്തകര്‍, അടിയന്തിരാവസ്ഥാ പീഡിതര്‍, അക്കാലത്തെ മാധ്യമപ്രവര്‍ത്തകര്‍, നിയമപാലകര്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുക. 23, 24, 25 തിയതികളില്‍ വ്യത്യസ്ത പത്രസമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും കടപ്പുറത്തെ സ്വപ്നനഗരിയിലും പ്രദര്‍ശനങ്ങളും നടക്കും.
ബിജെപി ഉത്തരമേഖല പ്രസിഡന്റ് വി.വി.രാജന് ജ്യോതിപ്രയാണത്തിന് നേതൃത്വം നല്കി. വയനാട് ജില്ലാജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, നേതാക്കളായ പള്ളിയറ രാമന്, കെ.സദാനന്ദന്, ശാന്തകുമാരി, ലക്ഷ്മി കക്കോട്ടറ, കണ്ണന് കണിയാരം, വി.കേശ വനുണ്ണി, കെ.ശ്രീനിവാസന്, അഖില്‍പ്രേം, പ്രശാന്ത് മലവയല്‍, ജിതിന് ഭാനു പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.
മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്കി. തുടര്‍ന്ന് പനമരം, മീനങ്ങാടി, കല്‍പ്പറ്റ, വൈത്തിരി, ലക്കിടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ജ്യോതിപ്രയാണം കോഴിക്കോട്ടേക്ക് കടന്നു.
ജ്യോതിപ്രയാണ യാത്രയ്ക്ക് ഭാരതീയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ ബൈക്ക് റാലിയും താലപ്പൊലിയും ചെണ്ട മേളവും അകമ്പടി സേവിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ മഹിളമോര്ച്ചപ്രവര്ത്തകര് യാത്രയെ ആരതിയുഴിഞ്ഞാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: