പാലക്കാട്: അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ഹെല്‍ത്ത് റെക്കോര്‍ഡ്സ് ആരോഗ്യവകുപ്പിന്റെ കീഴില്‍ തയ്യാറാക്കി, ആദിവാസി കുട്ടികളുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആദിവാസികുട്ടികളുടെസാംസ്ക്കാരിക കൂട്ടായ്മയായകാര്ത്തുമ്പി ആവശ്യപ്പെട്ടു. ആദിവാസി കൂട്ടായ്മയായ ‘തമ്പ്’-ന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തിലാണ് ആവശ്യം ഉയര്‍ന്നത്. ഇത്തരത്തില്‍ ഒരു ഹെല്‍ത്ത് ഫയല്‍ ഉണ്ടാക്കുന്നത് അട്ടപ്പാടിയിലെ കുട്ടികളുടെയും ആദിവാസി ജനതയുടെയും ആരോഗ്യാവസ്ഥ ഫോളോഅപ്പ് ചെയ്യുന്നതിന് ഉപകരിക്കും. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആദിവാസി സംഘടനകളുടെയും സഹകരണം ഉറപ്പാക്കണമെന്നും, ഊരുകളില്‍ ആരോഗ്യ-വിദ്യാഭ്യാസം സാധ്യമാക്കണമെന്നും കാര്‍തുമ്പി രക്ഷാധികാരിയും ‘തമ്പ്’ പ്രസിഡന്റുമായ രാജേന്ദ്രപ്രസാദ് പറഞ്ഞു. ഇതുസംബന്ധിച്ച് തമ്പ്-കാര്‍തുമ്പി പ്രവര്‍ത്തകര്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്ന ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെ നേരില്‍ കാണും.
ആരോഗ്യം-പരിസ്ഥിതി-സംസ്ക്കാരം എന്നി വിഷയങ്ങളെ അധികരിച്ച് നാലുദിവസത്തെ ക്യാമ്പ് സാംസ്ക്കാരിക പ്രവര്ത്തകന് മുരളി മങ്കര ഉദ്ഘാടനം ചെയ്തു. നാടകപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി, ബാലസാഹിത്യകാരന്‍ ശരത്ബാബു തച്ചമ്പാറ, കവിയിത്രി രമ്യ മനേഷ്, സാരംഗ്, വികാസ് ഷൊര്‍ണ്ണൂര്‍ എന്നിവര്‍് ക്ലാസ് നയിച്ചു.
ജില്ലയിലെ എസ്ബിടി ബ്രാഞ്ചുകളില്‍ നിന്നെത്തിയ ജീവനക്കാരും കുടുംബാംഗങ്ങളും, കാര്‍തുമ്പി കൂട്ടുകാരും തമ്മിലുള്ള സാംസ്ക്കാരിക വിനിമയ സദസ്സ് എസ്ബിടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.ശിശുമരണം വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രഭുദാസ് കുട്ടികളെ പരിശോധിക്കുകയും ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു. ‘തമ്പ്’ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കണ്‍വീനര്‍ കെ.എ. രാമു, തായാര് ഒത്തിമെ കണ്‍വീനര്‍ ലക്ഷ്മി ഉണ്ണികൃഷ്ണന്, കാര്‍തുമ്പി കണ്‍വീനര്‍ കെ.എന്‍. രമേശ്, കാര്‍തുമ്പി പ്രസിഡന്റ് എം. മനു, സെക്രട്ടറി റോജ എം. എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: