തൃശൂര്‍: അസംസ്കൃതവസ്തുക്കള്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്ന് പൂങ്കുന്നം സീതാറാം മില്ലില്‍ ലേ ഓഫ് പ്രഖ്യാപിച്ചു. മുംബൈയില്‍ നിന്നാണ് മില്ലിലേക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ കാലങ്ങളായി എത്തിക്കുന്നത്. ഭരണസമിതി സ്ഥാനമേല്ക്കാത്തതാണ് മില്ലിന്റെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടില്ല. മുംബൈയില്‍ നിന്നും അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ കഴിയാത്തപ്പോള്‍ തേനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് നേരത്തെ ഇവ എത്തിച്ചിരുന്നത്. ഇത്തരം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതായും ആക്ഷേപമുണ്ട്. സീതാറാം മില്ലിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും മില്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് മില്ലിലെ ഐഎന്‍ടിയുസി സംഘടനയുടെ നേതൃത്വത്തില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന് നിവേദനം നല്‍കിയിരുന്നു. അനുഭാവപൂര്‍വം വിഷയം പരിഗണിക്കാമെന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും അന്നുണ്ടായത്. ഓണം കഴിഞ്ഞ് ജോലിക്കെത്തിയ തൊഴിലാളികളോട് അസംസ്കൃത വസ്തുക്കള്‍ ഇല്ലാത്തതിനാല്‍ മൂന്നുദിവസത്തേക്ക് മില്‍ അടയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന മറുപടിയാണ് ലഭിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. മുമ്പ് ലേ ഓഫ് നടക്കുമ്പോള്‍ കരാര്‍ തൊഴിലാളികളെ മാത്രമാണ് ബാധിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സ്ഥിരം തൊഴിലാളികളോടും ജോലിക്ക് വരേണ്ടതില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. മൂന്ന് ദിവസത്തേക്കാണ് ലേ ഓഫ് എന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ദിവസത്തേക്ക് നീളാനും സാധ്യതയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 250ഓളം തൊഴിലാളികളാണ് ഇവിടെ ജോലി നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: