തൊടുപുഴ: ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും ഇലക്ട്രിക് വയര്‍ മോഷ്ടിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഒളമറ്റം പുത്തന്‍പുരയ്‌ക്കല്‍ മണിക്കുട്ടന്‍(35)ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്‌ച്ച വൈകുന്നേരം 4 മണിയോടെയാണ് പെരുനിലം ജ്വല്ലറി ഉടമ അന്‍സാറിന്റെ ന്യൂമാന്‍ കോളേജിന് സമീപത്തുള്ള വീട്ടില്‍ നിന്നും നാല് കോയില്‍ വയര്‍ മോഷണം പോയത്. ഇല്യൂമിനേഷനുപയോഗിക്കുന്ന പതിനായിരം രൂപ വിലമതിക്കുന്ന വയറാണ് പട്ടാപ്പകല്‍ ആക്രി പറക്കാന്‍ എത്തിയ മണിക്കുട്ടന്‍ കവര്‍ന്നത്. വീടിന്റെ ടെറസിന് മുകളില്‍ സൂക്ഷിച്ചിരുന്ന വയര്‍ എടുത്ത ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിന് ശേഷം ഇവ ശേഖരിച്ച് കത്തിച്ച് കോപ്പര്‍ ആക്കി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. മോഷണം നടന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച തൊടുപുഴ അഡീഷണല്‍ എസ്‌ഐ എം വി പൗലോസ്, എസ്‌ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. സ്വന്തം വീടിന്റെ മുറ്റത്തിട്ട് കത്തിച്ച വയറും പോലീസ് പിടിച്ചെടുത്തു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















