പണ്ട് പണ്ട് ചന്ദ്രവംശത്തില്‍ സുമതി എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം വളരെ സത്യസന്ധനായിരുന്നു; ധീരനും വീരനും ധര്‍മിഷ്ഠനും ആയിരുന്നു. അഹംഭാവം തൊട്ടുതീണ്ടാത്ത മനുഷ്യന്‍. മാത്രമല്ല, പരമശാന്തനും പ്രജാതല്‍പ്പരനുമായതുകൊണ്ട് നാട്ടുകാര്‍ക്ക് രാജാവ് ജീവതുല്യനായിരുന്നു.
മഹാരാജാവിന്റെ ധര്‍മപത്‌നിയായിരുന്നു, സത്യവതി. മഹാസാധ്വി. രാജാവിന് ചേര്‍ന്ന സഹധര്‍മിണി തന്നെയെന്ന് ആളുകള്‍ സത്യവതിയെ പുകഴ്‌ത്തുമായിരുന്നു. രൂപസൗന്ദര്യത്തിലും സ്വഭാവഗുണത്തിലും മഹാറാണിക്കു തുല്യം മഹാറാണിയേയുള്ളൂ എന്ന് മഹാരാജാവിനും ബോധ്യമായിരുന്നു.
രാജാവും രാജ്ഞിയും ശ്രീരാമഭക്തന്മാരായിരുന്നു. മാഘമാസത്തില്‍ നവാഹപാരായണം ഒരിക്കല്‍പ്പോലും മുടക്കിയിരുന്നില്ല. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ സാക്ഷാല്‍ പരമാത്മാവുതന്നെയാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഭക്തിപാരവശ്യത്തോടെയുള്ള രാമായണവായനയും കഥാകഥനവും പ്രജകള്‍ക്ക് അദ്ദേഹത്തോടും പത്‌നിയോടുമുള്ള സ്‌നേഹബഹുമാനാദികള്‍ക്ക് മാറ്റുകൂട്ടുവാന്‍ കാരണമായി.
ഒരുദിവസം വിഭാണ്ഡക മഹര്‍ഷി കൊട്ടാരത്തിലേക്ക് വന്നു. കൂടെ ധാരാളം ശിഷ്യന്മാരുമുണ്ടായിരുന്നു. മഹാരാജാവ് മഹര്‍ഷിയേയും ശിഷ്യന്മാരേയും അര്‍ഘ്യപാദ്യാദികളാല്‍ സ്വീകരിച്ച് ആദരിക്കുകയും സല്‍ക്കരിക്കുകയും ചെയ്തു. സത്സംഗത്തിന് അവസരം ലഭിച്ചതില്‍ അതിയായ സന്തോഷവും പ്രകടിപ്പിച്ചു.
സ്‌നേഹാന്വേഷണങ്ങള്‍ക്കും മധുരഭാഷണങ്ങള്‍ക്കും മധ്യേ മഹര്‍ഷി രാമായണത്തെപ്പറ്റിയും സംസാരിച്ചു. ആ മഹാഗ്രന്ഥത്തിന്റെ മാഹാത്മ്യത്തെ സംബന്ധിച്ച് പറയുവാന്‍ മഹാരാജാവിന് ആയിരം നാക്കായിരുന്നു. ഭഗവദ്ഭക്തികൊണ്ട് അദ്ദേഹം തന്നെത്തന്നെ മറന്നുപോയിരുന്നു. മഹര്‍ഷിക്കൊരു സംശയം. അദ്ദേഹം മഹാരാജാവിനോട് ചോദിച്ചു- ”രാജന്‍. ഒക്കെ ശരിതന്നെ. എന്റെ സംശയം മറ്റൊന്നാണ്. അങ്ങ് എന്തുകൊണ്ടാണ് മാഘമാസത്തില്‍ തന്നെ രാമായണ നവാഹം നടത്തുന്നത്?”
രാജാവ് തന്റെ പൂര്‍വവൃത്താന്തത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചു. ”മഹാത്മന്‍, മുന്‍ ജന്മത്തില്‍ ഞാന്‍ മാലതി എന്ന നികൃഷ്ടനായിരുന്നു. മഹാദ്രോഹി. ബ്രഹ്മഹത്യയും ഗോഹത്യയും ചെയ്തതിന് കയ്യും കണക്കുമില്ല. കൊല്ലും കൊലയും പിടിച്ചുപറിയുമായി നാട്ടുകാരെ വിറപ്പിച്ചു. പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ പോലും പ്രയാസമായിരുന്നു. ഒടുവില്‍ വീട്ടിലാര്‍ക്കും എന്നെ വേണ്ടാതായി.
നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ രക്ഷയില്ലാതെ നാടും വീടും വിട്ടു കാടുകയറി. കായ്‌കനികള്‍ തിന്നും മൃഗങ്ങളെ വേട്ടയാടിയും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഒരുദിവസം വസിഷ്ഠാശ്രമ പരിസരത്തെത്തി. അടുത്തുള്ള തടാകത്തിലെ വെള്ളം കുടിച്ച് ക്ഷീണം മാറ്റി. അങ്ങനെ ഒരുദിവസം ഒരു സ്ത്രീ എന്റെ മുന്‍പിലേക്ക് ആടിയുലഞ്ഞുവന്നു. ക്ഷീണംകൊണ്ട് അവളുടെ കാലുകള്‍ നിലത്ത് ഉറച്ചുനിന്നിരുന്നില്ല. ഞാനവള്‍ക്ക് ആശ്രമതടാകത്തിലെ വെള്ളം കുടിക്കാന്‍ കൊടുത്തു. അതു കുടിച്ചശേഷം അവര്‍ സ്വന്തം കഥ കണ്ണീരോടെ പറഞ്ഞു. അവളുടെ പേര് കാളി എന്നായിരുന്നു. ഒരു നിഷാദ സ്ത്രീ. വിന്ധ്യാചലത്തില്‍ താമസിച്ചിരുന്ന ദാംഭികന്‍ എന്ന നിഷാദന്റെ മകള്‍. കളവും ചതിയുമായിരുന്നു അവളുടെ തൊഴില്‍. ഒടുവില്‍ സ്വന്തം അച്ഛന്റെ കഥ കഴിച്ചപ്പോള്‍ മറ്റു മക്കള്‍ ആയുധമെടുത്തു. പിന്നെ അവള്‍ ജീവനുംകൊണ്ട് ഓടി, കാട്ടിലേക്ക്. അങ്ങനെ അലഞ്ഞുതിരിഞ്ഞ് എന്റെ അടുത്തെത്തി.
എനിക്ക് പറ്റിയ കൂട്ട് തന്നെ എന്ന് ഞാനും കരുതി. ഞാനവളെ ഭാര്യയായി സ്വീകരിച്ചു. ഒരുദിവസം ഞങ്ങള്‍ വസിഷ്ഠാശ്രമത്തിന്റെ പരിസരത്തെത്തി. അവിടെ ദേവന്മാര്‍ രാമായണം വായിക്കുന്നതും കഥ പറയുന്നതും ഞങ്ങളും കേട്ടു. നല്ല രസം തോന്നി. പിറ്റേദിവസവും ഞങ്ങള്‍ പോയി. അങ്ങനെ മുടങ്ങാതെ ഒമ്പതുദിവസം രാമകഥ കേട്ടു. അപ്പോഴേക്കും ഞങ്ങള്‍ ഞങ്ങളല്ലാതായിക്കഴിഞ്ഞിരുന്നു. മനംനിറയെ രാമഭക്തി മാത്രം. ചുണ്ടില്‍ രാമരാമ എന്ന മന്ത്രധ്വനികള്‍ തത്തിക്കളിച്ചുകൊണ്ടിരുന്നു. പകയും വിദ്വേഷവും മാത്രമല്ല ദാഹവും വിശപ്പും ഞങ്ങള്‍ മറന്നുകഴിഞ്ഞിരുന്നു. എങ്ങോട്ടെന്നില്ലാതെ നടന്നുനീങ്ങുമ്പോള്‍ അതാവരുന്നു ഒരു സ്വര്‍ണമയ വിമാനം. ദേവദൂതന്മാര്‍ ഞങ്ങളെ അതില്‍ സ്‌നേഹത്തോടെ കയറ്റിയിരുത്തി.
ആദ്യം ബ്രഹ്മലോകത്താണ് പോയത്. പിന്നെ ഇന്ദ്രിലോകത്തേക്ക്. അവിടത്തെ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ച് വീണ്ടും ഭൂലോകത്തേക്ക് വന്നു. ഇതാ ഇപ്പോള്‍ ഭഗവാന്റെ കൃപകൊണ്ട് ഇങ്ങനെ കഴിയുന്നു. ശ്രീരാമ രാമ.
അപ്പോള്‍ വിഭാണ്ഡക മഹര്‍ഷിയുടെയും ശിഷ്യന്മാരുടെയും ചുണ്ടുകളില്‍ രാമമന്ത്രമായിരുന്നു. യുഗങ്ങള്‍ കഴിഞ്ഞാലും മുക്തിദായകമായ രാമായണത്തിന്റെ പ്രസക്തി കൂടുകയേ ഉള്ളൂ, കുറയുകയില്ല എന്ന് മഹര്‍ഷിക്കു തോന്നി. ആ തോന്നല്‍ ഈ കലികാലത്തും തുടരുകയാണ്.
















