വിദ്യാഭ്യാസമെന്നത് വ്യക്തിയുടെ സര്‍വതോമുഖമായ വികാസമാണ്. അതിന് അറിവുമാത്രം വര്‍ധിച്ചാല്‍ പോരാ. സ്വഭാവരൂപീകരണം പരമപ്രധാനമായ ഘടകമാണ്. സ്വഭാവ ശുദ്ധിയില്ലാത്തവരുടെ അറിവ് പ്രയോജനരഹിതമോ അപകടകരമോ ആയിത്തീരാം. പണ്ട്, പാഠ്യപദ്ധതിയില്‍ സ്വഭാവരൂപീകരണത്തിന് പ്രാധാന്യം കൊടുത്തിരുന്നു. അതിന് സഹായകമായ പാഠങ്ങള്‍ മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
രാമപുരത്തുവാര്യരുടെ കുചേലവൃത്തം, നല്ലവനായ സമരിയാക്കാരന്‍, വിളക്കേന്തിയ വനിത, മല്ലനും മാതേവനും, പൊന്മുട്ടയിടുന്ന താറാവ് എന്നിങ്ങനെയുള്ള പാഠങ്ങളില്‍നിന്ന് സ്‌നേഹം, ത്യാഗം, സഹിഷ്ണുത, സഹകരണം, കരുണ എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ മനസ്സിലാക്കുവാന്‍ പഠിതാവിന് സാധിച്ചിരുന്നു.
സ്വഭാവ രൂപീകരണത്തിന്നടിസ്ഥാനം സംസ്‌കാരമാണ്. സംസ്‌കാരം സഭ്യതകളുടെ ആകെ തുകയാണ്. സഭ്യതയെന്നാല്‍ മര്യാദയെന്നര്‍ത്ഥം. നമ്മുടെ സംസ്‌കാരം ഉദ്‌ഘോഷിക്കുന്ന മര്യാദകളാണ്:
മാതാപിതാ ഗുരുദൈവം.
അതിഥിദേവോ ഭവ.
സത്യമേവ ജയതേ.
വസുധൈവ കുടുംബകം.
മാ വിദ്വിഷാവഹൈ.
(മാതാവ്, പിതാവ്, ഗുരു, അതിഥി ഇവരൊക്കെ ദൈവതുല്യരാണ്.
സത്യം പറയുക, ധര്‍മമാര്‍ഗത്തില്‍ ചരിക്കുക.
ഭൂമി ഒരു കുടുംബമാണ്.
നമ്മളില്‍ വിദ്വേഷം ഉണ്ടാവാതിരിക്കട്ടെ.)
വിശേഷാവസരങ്ങളില്‍ നേരിട്ടും കത്തുകൊടുത്തും ക്ഷണിച്ചുവരുത്തുന്നവരെയാണ് നാം അതിഥി എന്നുപറയുന്നത്. ഇത് തെറ്റെന്ന് പറയാനാവുകില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ”യദൃശ്ചയാ ഗൃഹത്തില്‍ വന്നവനും, പേര്, കുലം, സ്ഥാനമാനങ്ങള്‍ ഇവ എന്താണെന്നറിയപ്പെടാത്തവനുമാണ് അതിഥി. ഒരുരാത്രി മാത്രം താമസിക്കുന്ന ആളാണ്. ഏറെനാള്‍ തങ്ങാത്തതുകൊണ്ട്, രണ്ടാമത്തെ തിഥി (ദിവസം) വരെ താമസിക്കാത്തതുകൊണ്ട് അതിഥി. കള്ളവും ചതിയും സ്വാര്‍ത്ഥതയുംകൊണ്ട് മൂല്യശോഷണം സംഭവിച്ച ഈ കാലഘട്ടത്തില്‍ അതിഥിയുടെ പ്രസക്തിയും വിശ്വാസ്യതയും സംശയാസ്പദമാണ്.
















