ചീക്കല്ലൂര്‍ : വീട് വെക്കുന്നതിന് നഗരങ്ങളില്‍ അഞ്ചുസെന്റും, ഗ്രാമങ്ങളില്‍ പത്തുസെന്റും അധികൃതരുടെ പ്രതേ്യക അനുമതി വാങ്ങി വയല്‍ നികത്താമെന്ന രീതിയില്‍ നെല്‍വയല്‍ സംരക്ഷണനിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം പുനര്‍ചിന്ത നടത്തണമെന്ന് ചീക്കല്ലൂര്‍-എരനല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി ആവശ്യപ്പെട്ടു. അവശേഷിക്കുന്ന നെല്‍വയല്‍ കൂടി മണ്മറയുന്ന അവസ്ഥ ഇതുമൂലം ഉണ്ടായേക്കാം. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ഇതിന്റെ നേട്ടം ഉണ്ടാവണം. പക്ഷേ ഭൂമാഫിയകള്‍ നിയമങ്ങളുടെ പഴുതിലൂടെ ഭൂമിയുടെ ജലസംഭരണികളായ നെല്‍വയലുകളെ നശിപ്പിക്കുന്ന അവസ്ഥ ഈ നിയമഭേദഗതിമൂലം ഉണ്ടാകരുത്.
നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെയും ഭാവിതലമുറയുടെയും ആവശ്യമാണ്. ഇനയുള്ള യുദ്ധങ്ങള്‍ കുടിവെള്ളത്തിനുവേണ്ടിയാകുമെന്നതിനാലും, നമ്മുടെ കൊച്ചുകേരളതത്തിലും കാവേരീ നദീജലപ്രശ്നങ്ങളും അവയുടെ പ്രത്യാഘാതങ്ങളും കണ്മുന്നില് നിലനില്‍ക്കേ ഭൂഗര്‍ഭ ജലനിരപ്പ് താഴാതെ സൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ ഏറെ വിലപ്പെട്ടതാണ്, അവയുടെ സംരക്ഷണം കര്‍ശനമായി നടപ്പില്‍ വരുത്തേണ്ടതുമാണ്. കേരളത്തിന് ആവശ്യമായ അരി ഉല്പാദിപ്പിക്കാന് നെല്‍വയലുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നെല്‍കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കെപ്പെടുകയാണ് വേണ്ടത്.
ഗൗരവമേറിയ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്ത ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കാനും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് അഡ്വ. ഇ.എന്‍. ഗോപാലകൃഷ്ണന് അധ്യക്ഷനായിരുന്നു. പി.കെ.ബാബുരാജ്, വമ്മേരി രാഘവന്, രാജുജോസഫ്, എം.രാജേന്ദ്രന്, മുരളി മാടമന, ഇ.ആര്.വേണുഗോപാലന്‍, ബാലചന്ദ്രന്, രാജേഷ് കോക്കുഴി, കൃഷ്ണരാജ്, ശ്രീനിവാസന്, കെടച്ചൂര്‍ ശ്രീനിവാസന്, ദേവേശന്‍, കുമാരന് തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: