കാഞ്ഞങ്ങാട്: ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആചാര്യനായ കാശിമഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ത്ഥ ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ നടത്തി വന്ന ചാതുര്മാസവ്രതത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തിയായി. നാല് പതിറ്റാണ്ടിന് ശേഷമാണ് കാഞ്ഞങ്ങാട് കാശി മഠാധിപതിയുടെ ചാതുര്‍മാസ വ്രതത്തിന് ലക്ഷ്മി വെങ്കടേശ ക്ഷേത്രം വേദിയായത്. വ്രതത്തിന് പരിസമാപ്തി കുറിച്ച് ക്ഷേത്ര കുളത്തില്‍ നടത്തിയ മൃത്തികാ നിമഞ്ജനം വിശ്വാസികളെ ഭക്തിയില്‍ ആറാടിച്ചു
വ്രതം ആരംഭിക്കുമ്പോള്‍ സ്വാമി തന്നെ കളിമണ്ണില്‍ തീര്‍ത്ത രൂപങ്ങള്‍ ക്ഷേത്രക്കുളമായ സുകൃതേന്ദ്ര പുഷ്കരണിയില്‍ സ്വാമി നിമഞ്ജനം ചെയ്തു. വ്രതം അവസാനിച്ചാല്‍ നാട് കടക്കണമെന്നാണ് വിശ്വാസം. സീമോലംഘനം എന്ന് പേരുള്ള ചടങ്ങിന്റെ ഭാഗമായി സ്വാമി ഇന്നലെ നീലേശ്വരം പുഴ കടന്നു. വ്രതം അവസാനിച്ചാല്‍ ദേശത്തിന്റെ അതിര്‍ത്തി കടക്കുന്നുവെന്ന സങ്കല്‍പ്പമാണ് ഈ ചടങ്ങ്. പിന്നീട് ക്ഷേത്രത്തില്‍ തിരിച്ചെത്തിയ സംയമീന്ദ്ര തീര്‍ത്ഥയെ ഭക്തര്‍ പൂര്‍ണ കുംഭത്തോടെ വരവേറ്റു. തുടര്‍ന്ന് രാത്രിയില്‍ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ചാതുര്‍മാസ വ്രതമാണെങ്കിലും നിത്യബ്രഹ്മചാരിമാര്‍ രണ്ട് മാസം മാത്രമാണ് വ്രതം അനുഷ്ടിക്കേണ്ടത്.
സ്വാമി ഇനി രണ്ട് മാസം കൂടി ക്ഷേത്രത്തില്‍ തന്നെ താമസിക്കും. ഇനി സ്വാമിക്ക് പുറം നാടുകളിലേക്ക് പോകാം. പരിസമാപ്തി കഴിഞ്ഞ് സ്വാമി ബാഗമണ്ഡലത്തിലേക്ക് പോയി. അവിടെ കാശി മഠത്തിന്റെ നിയന്ത്രണത്തില്‍ നിര്‍മ്മിക്കുന്ന ആയുര്‍വ്വേദ ഹെര്‍ബല്‍ ഗാര്‍ഡന്റെ സ്ഥലം പരിശോധിക്കുന്നതിനും പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനും പോയ സ്വാമി ക്ഷേത്രത്തില്‍ അന്നുതന്നെ തിരിച്ചെത്തി. നാളെ മുതല്‍ മുതല്‍ 24 വരെ സ്വാമിയുടെ സാന്നിധ്യത്തില്‍ ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ മഹാവിഷ്ണു യാഗം നടക്കും. എല്‍വി ടെമ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ യാഗം നടത്തുന്നത്. നാല്‍പ്പത് പൂജാരിമാര്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പാരായണങ്ങളിലും ഹോമ കര്‍മ്മങ്ങളിലും മുഴുകും. 24 ന് ഉച്ചക്ക് സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പൂര്‍ണാഹൂതിയോടെ ചതുര്മാസവ്രതത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: