എല്ലാ കാലത്തും ദളിത്-പിന്നാക്കക്കാരെ മോഹനവാഗ്ദാനങ്ങള്‍ നല്കി കൂടെനിര്‍ത്തുകയും തുടര്‍ന്ന് എല്ലാവിധത്തിലും ചൂഷണം ചെയ്ത് ഇവരെ പിന്നോക്കാവസ്ഥയില്‍ നിന്ന് കൂടുതല്‍ പിന്നോക്കാവസ്ഥയിലേക്ക് തളളിവിടുകയും ചെയ്ത സിപിഎം. അധികാരത്തണലില്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ രണ്ട് ദളിത് യുവതികളെ കളളക്കേസില്‍ കുടുക്കി കൈക്കുഞ്ഞിനോടൊപ്പം ജയിലിലടച്ച സംഭവം ഈ പാര്‍ട്ടിയുടെ തനിനിറം വ്യക്തമാക്കുന്നു.
എല്‍ഡിഎഫ് മുന്നണി സംസ്ഥാനത്ത് അധികാരത്തിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണൂര്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎം ഭരണസ്വാധീനമുപയോഗിച്ച് രണ്ട് ദളിത് യുവതികളെ കളളക്കേസില്‍ക്കുടുക്കി ജയിലിലടച്ചത്.
സിപിഎം, സ്ത്രീകളോടും ദളിത്-പിന്നാക്കങ്ങളോടും പ്രകടിപ്പിച്ചുവരുന്ന കപട സ്നേഹം തുറന്നുകാട്ടിയ സംഭവമാണിത്. ഇത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.
ജയിലിലടയ്ക്കുക മാത്രമല്ല, കാലങ്ങളായി പ്രദേശത്തെ സിപിഎമ്മുകാര്‍ ദളിത് യുവതികളുടെ കുടുംബത്തെ വേട്ടയാടുകയാണ്.ഭരണസ്വാധീനമുപയോഗിച്ച് കളളക്കേസില്‍പ്പെടുത്തി ജയിലിലടച്ച ശേഷവും ഇവരുടെ കുടുംബത്തിനെതിരേയും ഇവര്‍ക്കെതിരേയും സമൂഹ്യ-ദൃശ്യ മാധ്യമങ്ങളിലൂടെ സിപിഎം വ്യാപകമായി കളളപ്രചാരണം നടത്തി.
ജയിലിലടയ്ക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവതികളില്‍ ഒരാള്‍ സിപിഎമ്മിന്റെ അവഹേളനത്തില്‍ മനംനൊന്ത് ആത്മഹത്യാശ്രമം നടത്തിയ സംഭവവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് സിപിഎം യുവനേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍.ഷംസീറിനെതിരേയും ഡിവൈഎഫ്ഐ വനിതാ നേതാവ് പി.പി.ദിവ്യക്കുമെതിരെ പട്ടികജാതി കമ്മീഷന് ഏതാനും ദിവസം മുമ്പ് പ്രേരണാക്കുറ്റത്തിന് കേസെടുത്തു.
രണ്ട് സഹോദരിമാരെയും കുടുംബത്തെയും വേട്ടയാടി ജയിലിലടച്ച്, പാര്‍ട്ടിയുടെ ഉന്നത നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ നാട്ടില്‍ത്തന്നെ നടന്ന ഈ കാടത്തം മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂരിലും വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയുടെ നേര്‍ച്ചിത്രമാണ്. കണ്ണൂരിലെ സിപിഎം സ്വാധീനമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരേയും സ്ത്രീകള്‍ക്കും ആദിവാസി ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരേയും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ, കൊടുംക്രൂരതകളുടെ ദുരിതം പേറി അംഗഭംഗമുള്‍പ്പെടെ സംഭവിച്ച് ജീവിതത്തോട് മല്ലിട്ട് മുന്നോട്ടുപോകുന്നവര്‍ നിരവധിയാണ്.
സിപിഎമ്മിന് വളരെയേറെ സ്വാധീനമുളള കുട്ടിമാക്കൂല്‍ ഗ്രാമത്തിലെ ദളിത് കുടുംബം ചെയ്ത തെറ്റ് കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചുവെന്നതാണ്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രാജന്റെ കുടുംബം പാര്‍ട്ടി ഗ്രാമത്തില്‍ വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് മാനസികപീഡനങ്ങളും ഭീഷണികളും ഏറ്റുവാങ്ങി ജീവിക്കുകയാണ്. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചും നിറത്തിന്റെ പേരില്‍ നിരന്തരം അവഹേളിച്ചു സിപിഎം എന്ന് രാജന്റെ മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പിതാവ് രാജന്, ഫസല്‍ വധക്കേസില്‍ നാടുകടത്തപ്പെട്ട സിപിഎം നേതാവ് കാരായി ചന്ദ്രശേഖരനെതിരെ തലശ്ശേരി നഗരസഭയിലേക്ക് മത്സരിച്ചതോടെയാണ് ഇവരുടെ കുടുംബത്തിനെതിരെ സിപിഎം അക്രമം ശക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും രാജന് സിപിഎമ്മിനെതിരെ പ്രചാരണരംഗത്ത് സജീവമായി നിലകൊണ്ടു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന്റെ മറപിടിച്ച് കുട്ടിമാക്കൂലിലെ സഖാക്കള്‍ ഈ ദളിത് കുടുംബത്തിനെതിരെ അതിക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പരിസരത്തുകൂടെ നടന്നുപോവുകയായിരുന്ന രാജന്റെ പെണ്മക്കളെ ഒരു ദിവസം ഓഫീസിനകത്തു നിന്ന് ഒരുസംഘം സിപിഎമ്മുകാര്‍ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത സംഭവമാണ് യുവതികളെ കളളക്കേസില്‍പ്പെടുത്തി ജയിലിലടച്ച സംഭവത്തിലേക്കെത്തിച്ചത്.
യുവതികളായ അഞ്ജനയും അഖിലയും സിപിഎം പ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിലുണ്ടായ അസഹിഷ്ണുതയാണ് ആസൂത്രിതമായി യുവതികളെ ജയിലിലടയ്ക്കുന്നതിന് വഴിയൊരുക്കിയത്. യുവതികള്‍ സിപിഎം ഓഫീസില്‍ക്കയറി മാരകായുധങ്ങളുമായി സിപിഎം പ്രവര്‍ത്തകരെ അക്രമിച്ചുവെന്ന കളളക്കഥ ചമയ്ക്കുകയായിരുന്നു . പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ഇത് തീര്‍ത്തും അസംഭവ്യമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുളളൂ. കള്ളക്കേസ് ഉണ്ടാക്കുക മാത്രമല്ല യുവതികളുടെ പിതാവായ രാജനെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. വീടിനു നേരെയും ആക്രമണമുണ്ടായി.
കൈക്കുഞ്ഞിനോടൊപ്പം ജയിലിലടച്ചതും പോരാഞ്ഞ് ദളിത് യുവതികള്‍ നാടിന് പൊതുശല്യമാണെന്നും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളാണെന്നും സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രചരിപ്പിച്ചു. പൊതുസമൂഹത്തിനു മുന്നില്‍ അടച്ചാക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത യുവതികളില്‍ ഒരാളായ അഞ്ജന ജയില്‍മോചിതയായ ഉടന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ പേരില്‍ പ്രേരണാക്കുറ്റം ചുമത്തിയതോടെ സിപിഎമ്മിന്റെ തനിനിറം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇത്തരം നിരവധി ദളിത്-പിന്നോക്ക പീഡനങ്ങളാണ് സംസ്ഥാനത്താകമാനം നടന്നുകൊണ്ടിരിക്കുന്നു. കുട്ടിമാക്കൂല്‍ സംഭവത്തിന് സമാനമായ പീഡനകഥകള്‍ പലതും പാര്‍ട്ടിയുടെ ഭീഷണി കാരണം പുറം ലോകമറിയുന്നില്ല. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും നടക്കുന്ന ദളിത്പീഡനങ്ങളെ മുന്‍പിന്‍ നോക്കാതെ സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെക്കുകയും ഇല്ലാക്കഥകള്‍ ചമച്ച് രോഹിത് വെമുലമാരെ സൃഷ്ടിച്ച് അവര്‍ക്ക് പിന്നാലെ നടക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ ദളിതര്‍ക്കും പിന്നാക്കകാര്‍ക്കും നേരെ നടക്കുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളും പൗരസ്വാതന്ത്ര്യ നിഷേധവും പൊതുസമൂഹം ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: