കരുവാരകുണ്ട്: അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ മലയോര മേഖലയില്‍ ഭീതി വിതക്കുന്നു. ഇവയുടെ ശല്യം കാരണം വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കുവാന്‍ പറ്റാത്ത അവസ്ഥയിലാണ്. ആട്, കോഴി, താറാവ് എന്നിവയെ ഇവ വകവരുത്തി ഭക്ഷണമാക്കുന്ന ശീലം അടുത്തയിടെയായി വര്‍ധിച്ചു വരുകയാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മേയാനായി പറമ്പില്‍ വിടുന്ന ആടുകളെ ഇവ കൂട്ടത്തോടെ ആക്രമിച്ച് കീഴ്പെടുത്തി ഭക്ഷണമാക്കുന്ന ശീലം അടുത്തയിടെയായി വര്‍ധിച്ചു വരുന്നതായും ആക്ഷേപമുണ്ട്. കല്കുണ്ട്, ചേരി, നിലാഞ്ചേരി, തുവ്വൂര്‍ പുന്നക്കാട്, ഇരിങ്ങാട്ടിരി, പുത്തനഴി എന്നീ പ്രദേശങ്ങളില്‍ നിന്നും അടുത്തയിടെയായി ഒന്‍പതോളം ആടുകളെ ഇവ ഭക്ഷണമാക്കിയിട്ടുണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി വാക്കോട് ഒളകര കുന്ന് ബാപ്പുവിന്റെ കോഴിക്കൂട് തകര്‍ത്ത് അഞ്ച് കോഴികളെ തെരുവുനായ്ക്കള്‍ ഭക്ഷണമാക്കി. കോഴികളുടെ കരച്ചില് കേട്ട് വീട്ടുടമ പുറത്തിറങ്ങി നടത്തിയ പരിശോധനയിലാണ് ഒന്‍പതോളം വരുന്ന നായ്ക്കള്‍ കോഴികളെ വേട്ടയാടുന്ന രംഗം ശ്രദ്ധയില്‍ പെടുന്നത്. ഇതിനു സമാനമായ രീതിയില്‍ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ വളര്‍ത്തുന്ന ജീവികള്‍ തെരുവുനായ്ക്കളുടെ ആക്രമത്തിനിരയാകുന്നതായും ആക്ഷേപമുണ്ട്. അടുത്തയിടെയായി തെരുവുനായ്ക്കളുടെ എണ്ണം അധികരിച്ചു വരുന്നതായും നാട്ടുകാര്‍ പറയുന്നു. സ്കൂളില്‍ പോകുന്ന കൊച്ചു കുട്ടികള്‍, ബലഹീനരായ സ്ത്രീകള്‍ എന്നിവര്‍ക്കു നേരെയും ഇവ ആക്രമത്തിനൊരുങ്ങാറുണ്ട്. തെരുവുനായ്ക്കളുടെ ആക്രമത്തില്‍ നഷ്ടപ്പെടുന്ന ജീവികളുടെ ഉടമകള്‍ക്ക് കാലതാമസം ഒഴിവാക്കി അധികൃതര്‍ തക്കതായ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: