കുമളി: കൊച്ചി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ മാത്രം കേട്ട് കേള്‍വിയുണ്ടായിരുന്ന രാത്രികാല ലഹരി പാര്‍ട്ടികള്‍ തങ്ങളുടെ ഗ്രാമത്തിലും നടക്കുന്നുവെന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കുമളിക്ക് സമീപം അമരാവതിയിലെ കോളനിവാസികള്‍ വിശ്വസിക്കുന്നത്.
സാധാരണ കൂലിപ്പണിക്കാരായ തൊഴിലാളികളാണ് ഇവിടുത്തെ താമസിക്കാരില്‍ ഏറെയും. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ ശ്രദ്ധ ഇവരുടെ സങ്കേതത്തിലേക്കു തിരിയാന്‍ സാധ്യത ഇല്ല എന്ന വിശ്വാസമാണ് ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ പ്രതികള്‍ക്ക് പ്രേരണയായത്. ഞായറാഴ്ച രാത്രിയാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കുമളിക്ക് സമീപമുള്ള അതിര്‍ത്തി ഗ്രാമത്തിലെ വീട്ടില്‍ നിന്ന് മൂന്ന് യുവാക്കളെ ലഹരി ഉപയോഗത്തിന്റെ പേരില്‍ പിടികൂടിയത്. ഇതില്‍ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ പെയിന്റിംഗ് തൊഴിലാളിയും ആണ്. ലഹരിയോടൊപ്പം വന്‍കിട ഹോട്ടലുകളിലും, ഹൗസ് ബോട്ടുകളിലും സമ്പന്നര്‍ക്കായി നടക്കാറുള്ളരീതിയില്‍ നിശാ പാര്‍ട്ടിയും നടന്നിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്
.
തുടര്‍ച്ചയായ നിരീക്ഷണത്തിനോടുവിലാണ് എണ്ണികാട്ടില്‍ സൂരജ്(18) പാറയില്‍ നവീന്‍ ബാബു(22) കണംബില്‍ അനീഷ്(22) എന്നിവരെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ രക്ഷപ്പെട്ടു. വലിയ തോതില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും നടക്കുന്ന ഇടത്താവളമായി കുമളി മാറിയപ്പോള്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയാണ് പലപ്പോഴും കുറ്റവാളികള്‍ പിടിയിലാകാന്‍ കാരണമായത്.
എന്നാല്‍ സര്‍ക്കാരിന്റെ തന്നെ ബഹുമതി നേടിയ ഉദ്യോഗസ്ഥരെ പോലും സ്ഥലം മാറ്റി അവരുടെ മനോവീര്യം കെടുത്തി ലഹരി മാഫിയ സംഘത്തെ സഹായിക്കുന്ന നടപടിയാണ് പുതിയ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
















