കായംകുളം: സിപിഎമ്മിനും നഗരസഭ ചെയര്‍മാനുമെതിരെ സിപിഐ നേതാക്കള്‍ അധമപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷനും നഗരസഭ ചെയര്‍മാന്‍ എന്‍.ശിവദാസനും പത്രസമ്മേളനത്തില്‍ ആരോപിച്ചു. സിപിഐനേതാവ് ഷിജിയെ അക്രമിച്ചവരെ സിപിഎം സംരക്ഷിക്കില്ല. അക്രമത്തിന്റെ പേരില്‍ ശിവദാനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതിനു പിന്നില്‍ ഗൂഢ ലക്ഷ്യമാണുള്ളത്.
കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ നഗരഭരണത്തെക്കുറിച്ച് ഒരു പരാതിയും ഉന്നയിക്കാതെ ഇപ്പോള്‍ ചെയര്‍മനെതിരെ വ്യക്തിഹത്യ നടത്തുന്നത് രാഷ്‌ട്രീയ മര്യാദയല്ല. വനിതാ പോളി തെരെഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എഐഎസ്എഫ് വിജയിച്ചതിനെ കുറിച്ച് മേനി പറയുന്നവര്‍ മറ്റെല്ലാ സീറ്റിലും കെഎസ്‌യുവുമായി രഹസ്യധാരണയുണ്ടാക്കിയതിനെ കുറിച്ച് മിണ്ടുന്നില്ല. മാഫിയ സംഘങ്ങളില്‍പെട്ടവരെയും മദ്യ മയക്കുമരുന്നു ലോബികളെ സി.പി.എം ഒരിക്കലും സംരക്ഷിക്കുന്നില്ല. മാഫിയാ സംഘങ്ങളില്‍പ്പെട്ടവര്‍ സിപിഐക്കാരില്ലെയെന്നും സിപിഎം നേതാക്കള്‍ ചോദിച്ചു.
ഓണസദ്യയ്‌ക്ക് കേസില്‍ പെട്ടവരെ ചെയര്‍മാന്‍ ക്ഷണിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്തിട്ടില്ല. ചിലര്‍ തന്നെ കാണന്‍ വന്നെങ്കിലും അവര്‍ ഹാളില്‍ പോലും പ്രവേശിചിട്ടില്ല. ഇതിന് ഹാളിലുണ്ടായിരുന്ന സി.പി.ഐ അംഗമായ വൈസ് ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും സാക്ഷികളാണ്. താന്‍ പറയുന്നത് തെറ്റാണെന്നു തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന ചെയര്‍മാന്‍ പ റഞ്ഞു.
















