അമ്പലപ്പുഴ: ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്‌ക്ക് ഷോക്കേറ്റ സംഭവത്തില്‍ കെഎസ്ഇബി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. പുന്നപ്ര തെക്കുപഞ്ചായത്ത് ആറാം വാര്‍ഡ് ഒന്‍പതില്‍ചിറ വീട്ടില്‍ ഷാജിയുടെ ഭാര്യ സുധര്‍മ്മ (40)യ്‌ക്കാണ് ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ സമീപത്തെ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ച് ഷോക്കേറ്റത്.
സുധര്‍മ്മയുടെ വീട്ടില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അയല്‍വാസികളായ പ്രമീള, ലാലി, എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ സുധര്‍മ്മയെ ഉടനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഷോക്കേറ്റ് തെറിച്ച വീണ ആഘാതത്തില്‍ സുധര്‍മ്മയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭഴിച്ചിരിക്കാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. ഇതിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
എന്നാല്‍ ഇടയ്‌ക്ക് തീയും പുകയും വന്‍ ശബ്ദവും ഉണ്ടാകാറുള്ള ട്രാന്‍സ്‌ഫോമറിന്റെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മതിയായ നഷ്ടപരിഹാരമുള്‍പ്പെടെ ലഭ്യമാക്കണണെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെഎസ്ഇബി, പോലീസ് എന്നിവര്‍ക്ക് ഉടനെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
















