മുല്ലശ്ശേരി: പാടൂര്‍ അലിമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറിസ്കൂളിലെ മൂന്നാംക്ലാസ്സ് വിദ്യാര്‍ഥിയായ അനുരാഗിനു നടന് ദിലീപിന്റെ ആയിരം സുരക്ഷ ഭവനങ്ങളിലൊന്ന്. ദിലീപിന്റെ സുഹൃത്തും കലാ സാംസ്കാരിക പ്രവര്‍ത്തകനും തൊയക്കാവ് സ്വദേശിയുമായ മമ്മസ്രായില്ലത്ത് അക്ബര്‍ അലിയാണു സ്കൂള്‍ അധികൃതരുടെ സഹകരണത്തോടെ ഇതിനുള്ള അവസരം ഒരുക്കിയത്.
മുല്ലശ്ശേരി പൂഞ്ചിറ സ്വദേശി പാട്ടത്തില്‍ പറമ്പില്‍ സുകുമാരന്റെയും രമണിയുടെയും മകനാണ് അനുരാഗ്. സഹോദരന് അശ്വിന്രാഗുമടങ്ങുന്ന അനുരാഗിന്റെ കുടുംബം ഫ്ളക്സ് ബോര്‍ഡുകൊണ്ടു വലിച്ചു കെട്ടിയ കൂരയിലാണു കഴിയുന്നത്. മുമ്പ് വീട് നിര്‍മ്മാണത്തിനായി പഞ്ചായത്തില്‍ നിന്ന് ഇ എം എസ് ഭവനപദ്ധതി പ്രകാരം വായ്പ ലഭിച്ചിരുന്നെങ്കിലും അതേ അവസരത്തില്‍ അനുരാഗിന്റെ അമ്മയെ ഹൃദ്രോഗം പിടികൂടി.
ചികില്‍സയ്ക്കായി വലിയൊരു തുക ചെലവായതോടെ കുടുംബം കടക്കെണിയിലായി. മുല്ലശ്ശേരിയിലെ പച്ചമരുന്ന് കടയിലെ ജീവനക്കാരനായ സുകുമാരനുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വിവിരം അറിഞ്ഞു പാടൂര്‍ എഐഎച്ച്എസിലെ അധ്യാപകരും വിദ്യാര്‍ഥികളും പിടിഎ കമ്മിറ്റിയും കുടുംബത്തെ സഹായിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടയിലാണു സ്കൂളിലെ രക്ഷിതാക്കളിലൊരാളായ അക്ബര്‍ അലി നടന് ദിലൂപുമായിബന്ധപ്പെട്ട് അനുരാഗിനു സുരക്ഷ ഭവനം ഉറപ്പാക്കിയത്.
മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഹുസൈന്, അക്ബര്‍ അലി, വാര്‍ഡ് അംഗം ജയ വാസുദേവന്‍, പ്രിന്‍സിപ്പല്‍ കെ.വി.ഫൈസല്‍, പ്രധാനഅധ്യാപകന് ടി.സി.സെബസ്റ്റ്യന് , പി ടി എ പ്രസിഡന്റ് ആര്.എ.റഫീക്ക് എന്നിവര്‍ അനുരാഗിന്റെ വീട്ടില്‍ നേരിട്ടെത്തി ഇക്കാര്യം കുടുംബത്തെ അറിയിച്ചു. അനുരാഗിന്റെ കുടുംബത്തെ സഹായിക്കാന്‍ സ്കൂള്‍ അധികൃതര്‍ സ്വരൂപിച്ച തുക തിങ്കളാഴ്ച സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: