ആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അനാവശ്യവും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ സ്പീഡ് ഹമ്പുകള്‍ നീക്കം ചെയ്ത് അപകടസാധ്യത കുറയ്‌ക്കണമെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷനും ആശുപത്രി ലെവല്‍ക്രോസിനും ഇടയ്‌ക്കുള്ള അര കിലോമീറ്റര്‍ ദൂരത്തില്‍ മുന്‍കൂട്ടി പെട്ടെന്നു തിരിച്ചറിയാന്‍ അടയാളങ്ങളില്ലാത്ത പല വലുപ്പത്തിലുള്ള അഞ്ചു ഹമ്പുകളാണുള്ളത്. റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള റോഡില്‍ ഇത്തരത്തില്‍ പൊക്കവും വീതിയും വ്യത്യസ്ഥങ്ങളായ ഹമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നതു മൂലം ദിവസേന അനേകം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്.
ഹമ്പുണ്ടെന്നറിയാതെ വാഹനങ്ങള്‍ അതിനു മുകളിലൂടെ കയറി ചാടിയിറങ്ങുമ്പോള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ക്ഷതമേല്‍ക്കുന്നു. രാത്രികാലത്ത് ഇത് ഏറെ വര്‍ധിക്കുകയാണ്. വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. റോഡിനു വശത്തു വര്‍ധിക്കുന്ന അനധികൃത കൈയേറ്റങ്ങള്‍ നീക്കം ചെയ്ത് റോഡിനു വീതി കൂട്ടുകയും ആവശ്യമായ രേഖകള്‍ വരയ്‌ക്കുകയും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു വേഗനിയന്ത്രണം നടപ്പിലാക്കുകയുമാണ് ചെയ്യേണ്ടത്.
റോഡിന്റെ ഒരു വശത്ത് റെയില്‍വേ വക ഭൂമിയായതിനാല്‍ വീതി കൂട്ടുന്നതിനു തടസ്സങ്ങളുണ്ടാകാനിടയില്ല. ഈ റോഡ് വളരെ വേഗം തകരുന്നതിന്റെ കാരണവും കണ്ടെത്തേണ്ടതുണ്ട്.
















