ഇടുക്കി:മയക്കുമരുന്ന് മാഫിയയും ഭരണകക്ഷിയും കൈകോര്‍ത്ത് സംസ്ഥാനത്ത് ക്രീയാത്മകമായി പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടറെ വണ്ടിപ്പെരിയാറില്‍ നിന്നും കാസര്‍കോഡിന് സ്ഥലംമാറ്റി. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍ രാജിനെയാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റിലേക്ക് സ്ഥലം മാറ്റിയത്.വണ്ടിപ്പെരിയാറില്‍ നിരവധി കഞ്ചാവ് കേസുകളെടുത്ത് സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച ഉദ്യോഗസ്ഥനോടാണ് എക്‌സൈസ് വകുപ്പ് അനീതി കാണിച്ചിരിക്കുന്നത്.
ഏതാനും നാളുകള്‍ക്ക് മുമ്പ് രാജാക്കാട് സ്വദേശികളെ പതിനൊന്ന് കോടി രൂപാ വിലമതിക്കുന്ന കഞ്ചാവ് ഓയിലുമായി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തിരുന്നു. ഈ സംഘത്തിന് ഭരണമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയുമായി ബന്ധമുള്ളതായി അന്നേ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. മാത്രവുമല്ല പ്രതികളില്‍ ഒരാള്‍ ഇടുക്കി ജില്ലയിലെ പ്രമുഖ നേതാവിന്റെ ബന്ധുകൂടിയാണന്ന് പറയപ്പെടുന്നു.
ഇവരുടെ സ്വാധീനമാണത്രെ സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് അര്‍ഹനായ ഉദ്യോഗസ്ഥനെ സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തേക്ക് സ്ഥലംമാറ്റാന്‍ കാരണം. ഋഷിരാജ് സിങ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിക്കുമ്പോഴെങ്കിലും രാഷ്‌ട്രീയ സ്വാധീനത്തിനപ്പുറം കാര്യക്ഷമതക്കു മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായിരിക്കുകയാണ്. ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ കേസുകളെടുത്ത് പേരെടുത്ത ഈ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം ജില്ലയിലെ എക്‌സൈസ് വിഭാഗത്തിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഒരു മാസം മുന്‍പ് സുനില്‍രാജും സംഘവും കഞ്ചാവ് മാഫിയയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന മുളക് സ്േ്രപ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രയോഗിച്ചപ്പോള്‍ സുനില്‍രാജിനും സംഘത്തിനും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റിട്ടും ജീവന്‍ പണയപ്പെടുത്തി പ്രതികളെ കീഴ്‌പ്പെടുത്തി നിയമത്തിന് മുമ്പിലെത്തിച്ച ഉദ്യോഗസ്ഥനോടാണ് സിപിഎം നേതാവ് കയ്യാളുന്ന എക്‌സൈസ് വകുപ്പ് ക്രൂരവിനോദം കാട്ടിയിരിക്കുന്നത്.കഞ്ചാവ് വേട്ടയ്‌ക്ക് നേതൃത്വം നല്‍കുന്ന ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ ഭരണക്ഷിയിലെ ഉന്നതര്‍ തയ്യാറെടുക്കുന്നുണ്ട്.
















