ആസ്വാദനത്തിന്റെ അപാരതകള്‍ തേടുന്ന രചന കണ്ടെത്തിയത് ‘വിറകുമര’ത്തില്‍ നിന്നാണ്. ഗിരീഷ്കുമാര്‍ ശ്രീലകം കവിതാലോകത്ത് ഒരു നവാഗതനാണെന്നു പറയാനാവില്ല. വിറകുമരത്തിലെ രചനകള്‍ ഒറ്റവട്ടം വായനയില്‍ ഒതുങ്ങുന്നതല്ല. അവ പലവട്ടം വായന ആവവശ്യപ്പെടുന്നു. വായനയില്‍ നിന്നുണ്ടാകുന്ന ആത്മസുഖത്തിന്റെ പാരമ്യതയിലേക്ക് നമ്മെ നയിക്കുന്നു.
അമ്മയുടെ തണലില്‍ നില്‍ക്കാനാണ് നാം ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, വാര്‍ദ്ധക്യത്തില്‍പ്പോലും മാതൃസ്നേഹം വലിയൊരു സുരക്ഷിതത്വം നല്കുന്നു. അമ്മയുടെ സ്നേഹം പ്രവാസിയുടെ മനസ്സില്‍ എന്തുമാത്രം നിറഞ്ഞുതുളമ്പി നില്‍ക്കുന്നുണ്ടെന്ന് ‘കാവലാള്‍’ എന്ന കവിതയിലെ വികാരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. നമ്മുടെ അസ്തിത്വം പ്രകൃതിയിലാണെന്ന് ‘നേര്’ എന്ന ആദ്യരചനയില്‍ തുടങ്ങി മറ്റു രചനകളിലൂടെയും പറയുന്നു. ‘മരിച്ചു പോകാത്ത കണ്ണുകള്‍’ മരണത്തെയല്ല, പുനര്ജ്ജനിയെപ്പറ്റിയാണ് ഓര്‍മ്മിപ്പിക്കുന്നത്. മരിച്ചവര്‍ മരങ്ങളായി പിറന്ന് പ്രകൃതിയില്‍ നിറഞ്ഞുനിന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന സന്ദേശം ആ കവിതയിലുണ്ട്.
ചെറുപ്പകാലത്ത് പഠിച്ചതില്‍ക്കൂടുതല്‍ പഠിക്കുന്നില്ലെന്നും എല്ലാം ചെറുപ്പത്തിലെ അറിവിന്റെ വികാസരൂപമാണെന്നും ഓര്‍മിപ്പിക്കുന്നു ‘അറിവ്’ എന്ന കവിത.
‘നാം കാണാതെ പോകുന്നത്’ വായിക്കുമ്പോള്‍ ഒരു വായനശാലയുടെ രൂപമാണ് തെളിയുന്നത്. അറിവിന്റെ അക്ഷയഖനികളാണ് ഗ്രന്ഥാലയങ്ങള്‍. അവിടത്തെ ബഞ്ചുകളില്‍ നിറയെ വായനക്കാരെ കാണുന്നു. അന്യോന്യം ആശയങ്ങള്‍ പങ്കുവെച്ച് തര്‍ക്കിക്കുന്നതു കേള്‍ക്കുന്നു. അതിന്റെയെല്ലാം വികൃതമായൊരു രൂപത്തിലേക്ക് ഇന്നത്തെ ഗ്രന്ഥാലയാന്തരീക്ഷം എത്തപ്പെട്ടിരിക്കുന്നു. ഗ്രന്ഥങ്ങളുടെ മഹത്വം കവി കാണുന്നുണ്ട്. പുസ്തകങ്ങള്‍ വായിക്കാതെ പോകരുതെന്ന സന്ദേശവും ആ വരികളിലുണ്ട്.
ഒറ്റച്ചിരി കൊണ്ട് ജീവിതത്തെ തോല്പിച്ച് മരണത്തിലേക്കു നടന്നു പോയ സുഹൃത്തിന്റെ അവസാനചിരി. ജീവിതത്തിലൊരിക്കല്‍പ്പോലും ചിരിക്കാത്ത, ചിരിക്കാന്‍ മറന്നു പോയ, ജീവിതത്തിന്റെ കെട്ടുപാടുകളില്‍ പെട്ടുപോയ സുഹൃത്ത് മരണത്തില്‍ ഒറ്റച്ചിരിയില്‍ ആശ്വാസം കണ്ടണ്ടെത്തുന്നു. ജീവിതപാതയിലഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത യുദ്ധങ്ങളെ അതിജീവിക്കാന്‍ കഴിയാതെ ചിരി മറന്നുപോയ ജീവിതത്തിന്റെ മുത്തായി ഒരു ചിരി. ആ ചിരി വായനക്കാരനെ എപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.
‘വിറകുമരം’ സ്വയംബോധത്തെ ഓര്‍മപ്പെടുത്തുന്നു.
മൂല്യച്യുതിയേപ്പറ്റിയും ഓര്‍മപ്പെടുത്തുന്നു. പ്രകൃതിയില്‍ മനുഷ്യന് പോരടിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യജീവിതം നരകത്തിലേക്കാണ് പാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പാണ് കവി മുന്നോട്ടു വയ്ക്കുന്നത്. ഈ കൃതിയിലെ ഓരോ കവിതയും തീക്ഷ്ണമായ വായന ആവശ്യപ്പെടുന്നു. വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ട സത്യങ്ങള്‍ പലതുണ്ട്. മിക്ക കവിതകളിലും പ്രകൃതിയെക്കുറിച്ചൊരു ആശങ്കാകുലമായ കാഴ്ചപ്പാട് കവിയിലുണ്ട്. പ്രവാസിയായിരിക്കുമ്പോള്ത്തന്നെ തന്റെ നാടിന്റെ പരിസരത്തിലേക്കു കണ്ണുകള്‍ തുറന്നുവയ്ക്കാന്‍ കവിക്കു കഴിഞ്ഞിട്ടുണ്ട്.
വിറകുമരം
ഗിരീഷ് കുമാര്‍ ശ്രീലകം
പേജ് 96
വില 100 രൂപ
പ്രസാധനം: യെസ് പ്രസ് ബുക്സ്,
പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: