ബ്രിസ്‌ബെന്‍: ഇന്ത്യ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദ്ദിന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ എ ടീമിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയെ ഒന്നാം ഇന്നിങ്ങ്‌സില്‍ 169 റണ്‍സിന് എറിഞ്ഞ ഓസ്‌ട്രേലിയ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 150 റണ്‍സിന്റെ ലീഡ്. 99 റണ്‍സുമായി ഹില്‍ട്ടണ്‍ കാര്‍ട്ട്‌റെറ്റും 9 റണ്‍സുമായി സാം വൈറ്റ്മാനും ക്രീസില്‍.
ഒമ്പതിന് 169 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഒരു റണ്‍പോലും കൂടുതല്‍ നേടാന്‍ കഴിയാതെ പുറത്തായി. 79 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ തകര്‍ച്ച കൂടുതല്‍ ദയനീയമാകുമായിരുന്നു. ജയന്ത് യാദവ് (28), നമന്‍ ഓജ (19), സഞ്ജു സാംസണ്‍ (13), ധവാല്‍ കുല്‍ക്കര്‍ണി (11) എന്നിവര്‍ രണ്ടക്കം കടന്ന മറ്റ് ഇന്ത്യക്കാര്‍. നാല് വിക്കറ്റ് വീഴ്‌ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സിന്റെമികച്ച ബൗളിങ്ങാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
തുടര്‍ന്ന് ഒന്നാം ഇന്നിങസ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തിരിച്ചടി. 11 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ഷര്‍ദുള്‍ താക്കൂര്‍ പുറത്താക്കി. പിന്നീട് നിക്ക് മാഡിന്‍സണും കുര്‍ടിസ് പാറ്റേഴ്‌സണും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ആതിഥേയരെ കരകയറ്റി. 92 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 25 റണ്‍സെടുത്ത പാറ്റേഴ്‌സണെ പാണ്ഡ്യ പുറത്താക്കി. അധികം കഴിയും മുന്നേ മാഡിന്‍സണെ ജയന്ത് യാദവും മടക്കിയതോടെ ഓസ്‌ട്രേലിയ നാലിന് 128 എന്ന നിലയില്‍.
അഞ്ചാം വിക്കറ്റില്‍ വെബ്‌സ്റ്ററും (79) കാര്‍ട്ട്‌റൈറ്റും ചേര്‍ന്ന് നേടിയ 152 റണ്‍സിലൂടെ അവര്‍ ഇന്നിങ്ങ്‌സ് വീണ്ടും കെട്ടിഉയര്‍ത്തി. സ്‌േകാര്‍ 280-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
















