ലക്‌നോ: യുപി തെരഞ്ഞെടുപ്പ് അടുത്തതോടെ സമാജ്‌വാദി പാര്‍ട്ടിയില്‍ കലാപം. മുലായം സിംഗ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലും അഖിലേഷും കൊച്ചച്ഛന്‍ ശിവ്പാല്‍ സിംഗ് യാദവും തമ്മിലുമാണ് പോര് പൊട്ടിപ്പുറപ്പെട്ടത്.
തിങ്കളാഴ്ച ശിവ്പാല്‍ സിംഗ് യാദവിനെ മുലായം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കി. നിയമനം വന്നയുടന്‍ മുഖ്യമന്ത്രി അഖിലേഷ് ശിവ്പാല്‍ സിംഗിന്റെ വകുപ്പുകളെല്ലാം നീക്കി, കൊച്ചച്ഛനെ വകുപ്പില്ലാ മന്ത്രിയാക്കി. അതിനു തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറി ദീപക് സിംഘലിനെ അഖിലേഷ് നീക്കിയിരുന്നു. ഇയാള്‍ മുലായത്തിന്റെയും ശിവ്പാലിന്റെയും അടുത്തയാളാണ്. സിംഘലിനു പകരം തന്റെ അടുത്തയാളായ രാഹുല്‍ പ്രസാദ് ഭട്‌നഗറെ ചീഫ് സെക്രട്ടറിയാക്കി. അതിന് തൊട്ടുമുന്‍പ് അഴിമതിയുടെ പേരില്‍ രണ്ടു മന്ത്രിമാരെ (ഗായത്രി പ്രജാപതി, രാജ്കിഷോര്‍ സിംഗ്) പുറത്താക്കുകയും ചെയ്തു.
ഇവയുടെ പേരില്‍ പ്രശ്‌നം ഉയരുമ്പോഴാണ് മുലായം ശിവ്പാലിനെ സംസ്ഥാന പ്രസിഡന്റാക്കിയത്. ഉടന്‍ തന്നെ അഖിലേഷ് ശിവ്പാലിന്റെ കൈയിലെ പൊതുമരാമത്ത്, ജലസേചനം, സഹകരണം, വെള്ളപ്പൊക്ക നിയന്ത്രണം, ഭൂമി വികസനം, ജലവിഭവം, റവന്യൂ, പ്രകൃതിദുരന്ത സമാശ്വാസം, പൊതുസേവനം എന്നീ വകുപ്പുകള്‍ എടുത്തുമാറ്റി. ഈ വകുപ്പുകളെല്ലാം മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. പൊതുമരാമത്ത് അഖിലേഷ് ഏറ്റെടുത്തു. ഈ സംഭവവികാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്.
കഴിഞ്ഞ ദിവസം പുറത്താക്കിയ രണ്ടു മന്ത്രിമാരും മുലായത്തിന്റെ അടുത്തയാള്‍ക്കാരായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന പ്രസിഡന്റിന് വലിയ പ്രധാന്യമാണ് ഉള്ളത്. 2012ലെ തെരഞ്ഞെടുപ്പു സമയത്താണ് മുലായം മകന്‍ അഖിലേഷിനെ ഈ സ്ഥാനത്ത് നിയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മുഖ്യമന്ത്രിയാക്കി, അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിവ്പാലിനെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചത് അഖിലേഷിന് രുചിച്ചില്ല. മുലായത്തിന്റെ അടുത്തയാളായ ശിവ്പാലിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അടക്കം വലിയ പ്രധാന്യം ലഭിക്കുന്നതിനോട് അഖിലേഷിന് താല്പര്യമില്ല.
പാര്‍ട്ടിയില്‍ മുലായം കഴിഞ്ഞാല്‍ രണ്ടാമനായിട്ടാണ് ശിവ്പാലിനെ പലരും കാണുന്നത്. സഖ്യങ്ങളുണ്ടാക്കുന്നതില്‍ മിടുക്കനാണ് ഇദ്ദേഹം. രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് അജിത് സിംഗിന്റെ രാഷ്‌ട്രീയ ലോക്ദളുമായി നീക്കുപോക്കുണ്ടാക്കിയത് ശിവ്പാലാണ്. സര്‍ക്കാരില്‍ നിരവധി അഴിമതിക്കാരുണ്ടെന്ന് ശിവ്പാല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഒപ്പം രാജിഭീഷണിയും മുഴക്കി. മുലായം അനുജനെ പിന്തുണയ്‌ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: