ലണ്ടന്‍: ഒരു ഗോള്‍ നേടാന്‍ ആറു മാസത്തോളം കാത്തിരുന്നു റൊമേലു ലുക്കാക്കു. ഗോളടിച്ചു തുടങ്ങിയപ്പോഴാകട്ടെ ഒന്നില്‍ നിര്‍ത്തിയില്ല. ലുക്കാക്കുവിന്റെ ഹാട്രിക്കില്‍ ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ എവര്‍ട്ടണിന് തകര്‍പ്പന്‍ ജയം. സണ്ടര്‍ലാന്‍ഡിനെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കു തുരത്തി അവര്‍.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ലുക്കാക്കുവടക്കം നിരവധി ഗോളവസരങ്ങള്‍ തുലച്ചു. രണ്ടാം പകുതിയില്‍ ഈ കോട്ടം തീര്‍ത്തു. 60, 68, 71 മിനിറ്റുകളില്‍ ലുക്കാക്കു ലക്ഷ്യം കണ്ടു. ജയത്തോടെ നാലു കളികളില്‍ മൂന്നു ജയവും ഒരു സമനിലയുമായി പത്തു പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി എവര്‍ട്ടണ്‍. ചെല്‍സിക്കും ഇതേ പോയിന്റെങ്കിലും ഗോള്‍ശരാശരയില്‍ രണ്ടാമത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്.
















