അടിമാലി: മെഡിക്കല്‍ കോളേജില്‍ നിന്നും രോഗിയുമായി വന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടെങ്കിലും ദുരന്തം തലനാരിഴയ്‌ക്ക് ഒഴിവായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പതിനാലാംമൈലിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം മച്ചിപ്ലാവിനു സമീപമുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ പീച്ചാട് കുറുമ്പനാല്‍ ജിബുവും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അന്നത്തെ അപകടത്തില്‍ കാലിനു പരിക്കേറ്റിരുന്ന ജിബുവിനെ ശസ്ത്രക്രിയയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്‌ക്ക് അയച്ചിരുന്നതാണ്. എന്നാല്‍ ഓണത്തിന്റെ തിരക്കില്‍ ഓപ്പറേഷന്‍ നടക്കാതെ വന്നതോടെ തിരികെ അടിമാലിയിലെ ആശുപത്രിയിലേയ്‌ക്ക് വരുന്ന വഴിയാണ് ആമ്പുലന്‍സ് അപകടം. മുന്‍പിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ആമ്പുലന്‍സ് പാതയോരത്തെ കലുങ്കില്‍ ഇടിച്ചു നിന്നതിനാലാണ് ദുരന്തം ഒഴിവായത്. രോഗിയും കുടുംബാംഗങ്ങളും മറ്റൊരു ആംബുലന്‍സ് ക്രമീകരിച്ചാണ് യാത്ര തുടര്‍ന്നത്. കോട്ടയം ആര്‍പ്പുക്കര ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പെട്ടത്.
















