ഉപദേശസാരം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ രമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരമാണ് ഈ ലഘുകൃതി. ഉപദേശസാരം രചിക്കപ്പെടുവാനുള്ള സാഹചര്യം ഇപ്രകാരമാണ്. മഹര്‍ഷിയുടെ ഭക്തനായ മുരുകനാര്‍ ഈശ്വരന്റെ വിവിധലീലകള്‍ വര്‍ണ്ണിക്കുന്ന കാവ്യം രചിക്കുകയായിരുന്നു.
അതിലൊരിടത്ത് വൈദികകര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട് യാഗാദികളില്‍ മുഴുകി ദാരുകവനത്തില്‍ വസിച്ചിരുന്ന ഒരുകൂട്ടം ഋഷിമാര്‍ക്കു ശിവന്‍ ജ്ഞാനോപദേശം നല്‍കുന്ന സന്ദര്‍ഭമുണ്ട്. ശിവന്‍ നേരിട്ടു നല്‍കിയ ഈ ഉപദേശം തന്റെ ഭാവനയില്‍ രചിക്കുന്നത് ഉചിതമായിരിക്കില്ലെന്നു തോന്നിയ മുരുകനാര്‍, ഈ ഉപദേശഭാഗം രമണമഹര്‍ഷി സ്വയം രചിക്കണമെന്ന് അദ്ദേഹത്തിനോട് അപേക്ഷിച്ചു.
മുരുകനാരോട് വളരെയധികം വാത്സല്യമുണ്ടായിരുന്ന മഹര്‍ഷി ഉടന്‍ അതിനു സമ്മതിക്കുകയും ചെയ്തു. ഈ ഉദ്ദേശ്യത്തോടെ രമണമഹര്‍ഷി ഒറ്റയിരുപ്പില്‍ മുപ്പതു തമിഴ് ശ്ലോകങ്ങളുള്ള ഉപദേശ ഉണ്ടിയാര്‍ രചിച്ചു. പിന്നീട് മഹര്‍ഷി തന്നെ ഈ കൃതിയെ ഉപദേശസാരം എന്നപേരില്‍ സംസ്‌കൃതത്തിലും, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും പരിഭാഷപ്പെടുത്തുകയും ചെയ്തു.
















