മലപ്പുറം: നബിയുടെ ത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണപുതുക്കലാണ് ഓരോ ബലിപ്പെരുന്നാളും. ദൈവത്തിന്റെ കല്പനപ്രകാരം നബി മകനെ ബലി നല്കാന് സന്നദ്ധമായതിന്റെ ഓര്‍മ്മയ്ക്കായാണ് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാളിന് സക്കാത്ത് നല്കുന്നതുപോലെ ശ്രേഷ്ഠമാണ് ബലിതര്‍പ്പണവും എന്നാണ് വിശ്വാസം. സുഗന്ധം പൂശിയും പുതുവസ്ത്രമണിഞ്ഞും പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പരസ്പരം സ്നേഹം പങ്കിട്ടുമാണ് വിശ്വാസികള്‍ ഈ പുണ്യദിനം ആചരിക്കുന്നത്. ജില്ലയിലെ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രാര്‍ത്ഥനകള്‍ നടന്നു. പതിവുപോലെ പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ സംയുക്ത ഈദ് ഗാഹ് നടന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഈദ് ഗാഹില്‍ പങ്കെടുത്തത്. പുതുപുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് എല്ലാവരും ഇന്നലെ ആരാധനാലയങ്ങളിലെത്തിയത്. ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച തക്ബീര്‍ ധ്വനികള്‍ക്ക് ഇന്നലെ രാവിലെ പെരുന്നാള്‍ നിസ്ക്കാരത്തോടെ വിരാമമായി. നാട്ടിന് പുറങ്ങള്‍ മുതല്‍ നഗരങ്ങളില്‍ വരെ വിവിധ ആഘോഷങ്ങളോടെയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റത്. പെരുന്നാള്‍ ദിനത്തില്‍ മലബാറുകാരുടെ സ്പെഷ്യല്‍ ദം ബിരിയാണി തന്നെയാണ് മിക്ക വീടുകളിലെയും പ്രധാന വിഭവം.
നാടും നഗരവും പെരുന്നാള്‍ ദിനത്തിന്റെ സന്തോഷത്തിലമരുമ്പോള് സുഹൃത്തുക്കളോടൊപ്പം സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തിയാണ് പുതുതലമുറ പെരുന്നാള്‍ ആഘോഷിച്ചത്. മസ്ജിദുകളില്‍ നിന്നും പുറത്തിറങ്ങിയതോടെ തന്നെ പലരും സുഹൃത്തുക്കളുമൊത്ത് സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ തുടങ്ങി. ആദ്യ കാലങ്ങളില്‍ പടക്കവും, കമ്പി പൂത്തിരികളുമായി പെരുന്നാള്‍ ദിനത്തെ വരവേറ്റിരുന്ന മലയാളികള്‍ ഇന്ന് സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പെരുന്നാള്‍ ദിനങ്ങള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം വീട്ടിലെത്തിയ പലരും കുടുംബത്തോടൊപ്പം സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകള്‍ വഴി ഗള്ഫുനാടിലെ പ്രവാസി സുഹൃത്തുള്‍ക്ക് അയച്ചു നല്‍കുന്നതോടെ നാട്ടിലുള്ളതുപോലെ തോന്നാറുണ്ടെന്നും പ്രവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: