ന്യൂദല്‍ഹി: ഇടനിലക്കാരും ചില്ലറ വ്യാപാരികളും വന്‍തോതില്‍ വില കൂട്ടി വില്‍ക്കുന്നത് തടയാന്‍ അവശ്യസാധന വില ഇനി കേന്ദ്രം നിശ്ചയിക്കും. ധാന്യങ്ങള്‍, പഞ്ചസാര, പാല്, പാചക എണ്ണ എന്നിവയടക്കമുള്ളവയുടെ വില കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കും. കൃത്രിമ വിലക്കയറ്റം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
അളവു തൂക്ക നിയമങ്ങളില്‍ കേന്ദ്രഉപഭോക്തൃകാര്യ മന്ത്രാലയം വരുത്തിയ പരിഷ്ക്കരണങ്ങളാണ് കൊള്ള ഇല്ലാതാക്കുന്നത്. പരമാവധി റീട്ടെയില്‍ വില(എംആര്‍പി) എന്ന സംവിധാനം അവശ്യസാധനങ്ങളുടെ കാര്യത്തില്‍ മറികടക്കാനാണ് ഉപഭോക്തൃകാര്യമന്ത്രാലയത്തിന്റെ തീരുമാനം.
ഏതെങ്കിലും അവശ്യസാധനത്തിന്റെ വില കേന്ദ്ര-സംസ്ഥാന അതോറിറ്റികള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ എല്ലാ ചില്ലറ വില്‍പ്പനക്കാരും ആ വിലയ്ക്ക് മാത്രമേ സാധനങ്ങള്‍ വില്‍ക്കാവൂ. അരക്കിലോ, ഒരുകിലോ, രണ്ടുകിലോ എന്ന കണക്കിലാകും വില പ്രഖ്യാപിക്കുക. വിലകൂട്ടി വിറ്റാല്‍ അവശ്യസാധന നിയമപ്രകാരം ശിക്ഷ ലഭിക്കും.
അയ്യായിരം രൂപ പിഴയും സ്റ്റോക്ക് മുഴുവനും കണ്ടുകെട്ടുന്നതുമാണ് ശിക്ഷ.
ബിജെപി സംസ്ഥാനങ്ങളില്‍ നടപ്പാക്കിത്തുടങ്ങിയ സംവിധാനമാണ് രാജ്യവ്യാപകമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
















