ഗ്രേറ്റര്‍ നോയിഡ: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ റെഡ്ഡിനെതിരെ ഇന്ത്യ ബ്ലൂവിന് വന്‍ ലീഡ്. ബ്ലൂവിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 693നു മറുപടിയായി റെഡ് 356നു പുറത്ത്. 337 റണ്‍സ് ലീഡ്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 എന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ റെഡ്ഡിനെ ബ്ലൂ ബൗളര്‍മാര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. സ്റ്റുവര്‍ട്ട് ബിന്നി (98), അമിത് മിശ്ര (65), കുല്‍ദീപ് യാദവ് (59), ഗുര്‍കീരത് സിങ് (57) എന്നിവരുടെ അര്‍ധശതകങ്ങളാണ് മുന്നൂറു കടത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നു പുറത്തായ ദിവസം തന്നെ മികച്ച പ്രകടനത്തിലൂടെ ടീമിന് തുണയായി ബിന്നി. ടെസ്റ്റ് ടീമില്‍ വാലറ്റത്ത് ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനെന്നു വീണ്ടും തെളിയിച്ചു അമിത് മിശ്ര.
രവീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് റെഡ്ഡിനെ തകര്‍ത്തത്. ജഡേജയും ടെസ്റ്റ് ടീമില്‍ ഇടം കണ്ടു. പങ്കജ് സിങ്, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടു വീതവും അഭിമന്യു മിഥുന്‍ ഒന്നും വിക്കറ്റെടുത്തു.
നേരത്തെ, ചേതേശ്വര്‍ പൂജാരയുടെ (256 നോട്ടൗട്ട്) ഇരട്ട ശതകവും ഷെല്‍ഡണ്‍ ജാക്‌സണിന്റെ (134) പിന്തുണയുമാണ് ബ്ലൂവിന് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 693 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു അവര്‍.
















