ന്യൂദല്‍ഹി: കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെക്കൂടി സൈന്യം വധിച്ചു. പൂഞ്ചില്‍ ആയുധങ്ങളുമായി കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്.
നേരത്തെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം നാല് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ എട്ട് ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒരു പോലീസുകാരനും മരിച്ചു. അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.
സൈനിക ക്യാംപിന് അടുത്തുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. കെട്ടിടം വളഞ്ഞ പോലീസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഭീകരരെ തുരത്താന്‍ സൈന്യവും ചേര്‍ന്നു. ഏറ്റുമുട്ടലിനിടെ വൃദ്ധദമ്പതികള്‍ മണിക്കൂറുകളോളം കെട്ടിടത്തില്‍ കുടുങ്ങി. മറ്റ് താമസക്കാരെ സൈന്യം രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ക്ക് പുറത്ത് കടക്കാനായില്ല.
കോണ്‍ഗ്രസ് നിയമസഭാംഗം ജഹാംഗിര്‍ ഹുസൈന്റെ ബന്ധുക്കളായ ഇവരെ ഭീകരരെ വധിച്ചതിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. ദമ്പതികള്‍ അകത്ത് കുടുങ്ങിയതിനാല്‍ കരുതലോടെയായിരുന്നു സൈന്യം ഭീകരരെ നേരിട്ടത്.
സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നവരെയും പിടിക്കണം: രാജ്‌നാഥ്
ന്യൂദല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തില്‍ കടുത്ത നിലപാടുമായി വീണ്ടും കേന്ദ്രം. അക്രമികളെ മാത്രമല്ല, യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവരെയും പിടികൂടണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സുരക്ഷാ സേനകളോട് ആവശ്യപ്പെട്ടു. കര്‍ശന നടപടികളിലൂടെ താഴ്‌വരയില്‍ സമാധാനം തിരിച്ചെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിലപാടില്‍ മയം വേണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. ഒരാഴ്ചക്കുള്ളില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കണം. സ്‌കൂളുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണം.
വിദ്യാര്‍ത്ഥികളാണ് സംഘര്‍ഷത്തിന്റെ ഏറ്റവും വലിയ ഇരകള്‍. ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം സൈനികരെ ഏതാനും ദിവസം മുന്‍പ് കശ്മീരില്‍ നിയോഗിച്ചിരുന്നു.
കര്‍ശനമായി നേരിടണം: രാംദേവ്
ന്യൂദല്‍ഹി: കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്ന വിഘടനവാദികളെ കര്‍ശനമായി നേരിടണമെന്ന് യോഗ ഗുരു ബാബ രാംദേവ്. 99 ശതമാനം കശ്മീരികളും സമാധാനം ആഗ്രഹിക്കുന്നവരാണ്. കുറച്ചാളുകളാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്. ഇവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണം. രാജ്യസുരക്ഷയിലും പുതിയ പദ്ധതികളും നയങ്ങളും നടപ്പിലാക്കുന്നതിലും അന്താരാഷ്‌ട്ര തലത്തില്‍ അഭിമാനം ഉയര്‍ത്തുന്നതിലും മോദി സര്‍ക്കാര്‍ വിജയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
















