ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് ഇരുട്ടടി. സ്വന്തം മൈതാനമായ നൗ കാംപില്‍ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ബാഴ്‌സയെ ലീഗിലെ നവാഗതരായ ഡിപോര്‍ട്ടീവോ ആല്‍വ്‌സാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചത്.
സൂപ്പര്‍ താരങ്ങളായ മെസ്സിയെയും സുവാരസിനെയും ഇനിയേസ്റ്റയെയും ആദ്യഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ടാം പകുതിയിലാണ് മൂവരും കളത്തിലെത്തിയത്. ബാഴ്‌സക്കായി സുവാരസിന്റെ 100-ാം മത്സരമായിരുന്നു ഇത്. അതേസമയം കളിച്ച മൂന്ന് കളികളിലും പരാജയമേറ്റുവാങ്ങാതെയാണ് ഡിപോര്‍ട്ടീവോ ആല്‍വ്‌സിന്റെ കുതിപ്പ്. ആല്‍വ്‌സ് ആദ്യ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെയും രണ്ടാം കളിയില്‍ സ്‌പോര്‍ട്ടിങ് ജിഗോണിനെയും സമനിലയില്‍ തളച്ചിരുന്നു.
കളിയുടെ തുടക്കത്തില്‍ തന്നെ ആല്‍വ്‌സിന് നല്ലൊരു അവസരം കിട്ടി. എന്നാല്‍ ബോക്‌സിന് പുറത്തുനിന്ന് ഇബെ ഗോമസ് പായിച്ച ഷോട്ട് ബാഴ്‌സ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍. 39-ാം മിനിറ്റില്‍ ബാഴ്‌സക്ക് ആദ്യ അടിയേറ്റു. കികോ ഫിര്‍മിനോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഡെവേഴ്‌സണ്‍ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ബാഴ്‌സഗോളി നിസ്സഹായനായി.
ആദ്യപകുതിയില്‍ അവര്‍ 1-0ന് മുന്നിട്ടുനില്‍ക്കുകയും ചെയ്തു. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ ബാഴ്‌സ ഗോള്‍ മടക്കി. നെയ്‌മറുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജെര്‍മി മാത്യു വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ആല്‍വ്‌സിന് മറ്റൊരു അവസരം ലഭിച്ചതും മുതലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബാഴ്‌സ മുന്നേറ്റം കടുപ്പിച്ചിരിക്കെ തീര്‍ത്തും അപ്രതീക്ഷിതമായി രണ്ടാം ഗോളും വലയില്‍ വീണു.
ബോക്‌സിനുള്ളില്‍ നിന്ന് ഇബെ ഗോമസ് പായിച്ച വലംകാലന്‍ ഷോട്ടാണ് ബാഴ്‌സ വലയില്‍ തറച്ചുകയറിയത്. അവസാന മിനിറ്റുകളില്‍ സമനിലക്കായി മെസ്സിയും കൂട്ടരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആല്‍വ്‌സ് പ്രതിരോധം കോട്ടകെട്ടി കാത്തതോടെ സ്പാനിഷ് ലീഗിലെ എക്കാലത്തെയും വലിയ അട്ടിമറിക്കും സാക്ഷ്യം വഹിച്ചു. പരാജയത്തോടെ ബാഴ്‌സ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് പോയിന്റുള്ള ആല്‍വ്‌സ് ഏഴാമത്.
പരിക്കില്‍ മോചിതനായി കളത്തിലെത്തിയ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളടി തുടങ്ങിയതോടെ റയല്‍ മാഡ്രിഡിന് അനായാസ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഒസാസുനയെയാണ് അവര്‍ തകര്‍ത്തത്. ആറാം മിനിറ്റില്‍ റൊണാള്‍ഡോ, 40-ാം മിനിറ്റില്‍ ഡാനിലോ, 45-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ്, 56-ാം മിനിറ്റില്‍ പെപ്പെ, 62-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ച് എന്നിവര്‍ റയലിനായി ഗോള്‍ നേടി.
ആല്‍ബര്‍ട്ട് റീറയും ഗാര്‍സിയയും ഒസാസുനയുടെ ആശ്വാസ ഗോളുകള്‍ നേടി. ജയത്തോടെ മൂന്നു മത്സരങ്ങളില്‍നിന്നായി ഒമ്പതുപോയിന്റുമായി റയല്‍ മുന്നിലെത്തി. മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍ 2-0ന് മലാഗയെയും സെവിയ 2-1ന് ലാസ് പല്‍മാസിനെയും പരാജയപ്പെടുത്തി.
















