ന്യൂദല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസുകാരനും നാല് പാക് ഭീകരരും കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. നാലിടങ്ങളിലായാണ് ഭീകരരുമായി ഏറ്റുമുട്ടല്‍. താംഗ്ധാര്‍, ഗുരസ്, നൗഗാം സെക്ടറുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരെയാണ് സൈന്യം നേരിട്ടത്. കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരും പോലീസുമായി പൂഞ്ചില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പണിനടക്കുന്ന കെട്ടിടത്തില്‍ ആയുധമേന്തിയ ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെട്ടിടം വളയുകയായിരുന്നു. സൈനിക ക്യാംപിന് അടുത്തായാണ് ഈ കെട്ടിടം. തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ത്തു. ഇതിനിടയിലാണ് പോലീസുകാരന് കൊല്ലപ്പെട്ടത്.
നൗഗാം സെക്ടറിലെ നിയന്ത്രണരേഖയ്ക്കടുത്ത് നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. ആയുധങ്ങളുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം നേരിടുകയായിരുന്നു. ഇവരില്‍ നിന്ന് എ.കെ. 47 തോക്കുകളും നിരവധി സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. രണ്ട് മാസത്തോളമായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ ഈദിന് മുന്‍പ് ഭീകരാക്രമണമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
പുല്‍വാമയില്‍ സുരക്ഷാ സൈനികര്‍ക്കെതിരെ ഇരുനൂറോളം വിഘടനവാദികള്‍ കല്ലെറിഞ്ഞു. പെല്ലറ്റ് തോക്കും ടിയര്‍ഗ്യാസ് ഷെല്ലും ഉപയോഗിച്ച് സേന തിരിച്ചടിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നുണ്ടായ റെയ്ഡില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ നഗരങ്ങളില്‍ നിയോഗിച്ചുണ്ട്.
കഴിഞ്ഞയാഴ്ച അക്രമത്തിനിടെ പരിക്കേറ്റ ഒരു യുവാവ് മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഈദ് ദിവസവും കര്‍ഫ്യൂവില്‍ ഇളവു നല്‍കില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. നേരത്തെ രണ്ട് തവണ സൈനികവ്യൂഹം ഭീകരര്‍ ആക്രമിക്കുകയും രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുപ്വാരയിലുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
















