ന്യൂദല്‍ഹി: മതിയായ കാരണങ്ങളില്ലാതെ ദീര്‍ഘകാലം പങ്കാളിക്ക് സെക്സ് നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണെന്നും വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്നും ദല്‍ഹി ഹൈക്കോടതി. വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പ്രദീപ് നന്ദരാജോഗ്, ജസ്റ്റിസ് പ്രതിഭാ റാണി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഭാര്യ ലൈംഗികബന്ധത്തിന് സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാല്പ്പത്താറുകാരനാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
2007ലായിരുന്നു ഇവരുടെ വിവാഹം. ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യ ഹണിമൂണ്‍ സമയത്ത് ബാല്‍ക്കണിയില്‍ നിന്ന് ചാടുമെന്ന് പോലും ഭീഷണി മുഴക്കി.
എന്നാല്‍ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ക്രൂരമായി പെരുമാറുന്നതാണ് കാരണമെന്ന് ഭാര്യ പറഞ്ഞു. ആദ്യത്തെ ഭാര്യയെയും കുഞ്ഞിനെയും തന്നില്‍ നിന്ന് മറച്ചുവെച്ചു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു എന്നും ഭാര്യ ആരോപിച്ചു. കോടതി വിവാഹമോചനം അനുവദിച്ചു.
















