കല്‍പ്പറ്റ : വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിച്ചതിനുള്ള കുടിശ്ശികയെന്ന പേരില്‍ ജില്ലയിലെ കേബിള്‍ ഓപറേറ്റര്‍മാരില്‍ നിന്നും കോടികളുടെ ബാധ്യത ചുമത്തിപിരിെച്ചടുക്കാന് കെഎസ്ഇബി ശ്രമിച്ചുവരികയാണ്. ബത്തേരി താലൂക്കിന്റെ പരിധിയിലെ 25 ഓളം കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്ക് മാത്രം ഒന്നര കോടിയുടെ ബാധ്യതയാണ് ചുമത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റു ഓപറേറ്റര്‍മാര്‍ക്കും ഇതേ അനുപാതത്തില്‍ 2011 മുതലുള്ള കുടിശ്ശിക ചുമത്താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണ്.
സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് പ്രതികൂലമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് വയനാട്ടിലെ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. വളരെ കുറഞ്ഞ ജനസാന്ദ്രത, പ്രതികൂല കാലാവസ്ഥ തുടങ്ങിയ എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചുകൊണ്ട് ഈ തൊഴില്‍ മേഖലയെ ആശ്രയിച്ചുകഴിയുന്ന ആയിരത്തില്‍പരം കുടുംബങ്ങളാണ് വയനാട്ടിലുള്ളത്. ഡിജിറ്റലൈസേഷന് പോലുള്ള വന്‍ സാമ്പത്തിക ബാധ്യത വരുന്ന അപ്ഗ്രഡേഷന് പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് കെഎസ്ഇബിയുടെ ഗുരുതര നീക്കം നടക്കുന്നത്.
ആഗസ്റ്റ് 31 ന് കല്‍പ്പറ്റയില്‍ കെ.എസ്.ഇ.ബി സംഘടിപ്പിച്ച അദാലത്തില്‍ മുന്‍കാല കുടിശ്ശിക ഒഴിവാക്കുകയും പോള്റെന്റ് ഈടാക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയും വേണമെന്ന ഓപറേറ്റര്‍മാരുടെ ആവശ്യം പരിഗണിച്ച സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ കേബിള്‍ ടി.വി ഓപറേറ്റര്‍മാരുടെയും കണ്വെന്ഷന് ചേരാന്‍ നിശ്ചയിച്ചത്. ചെറുകിട കേബിള്‍ ടിവി ബിസിനസിന്റെ നിലനില്പുതന്നെ ഇല്ലാതാക്കിക്കൊണ്ട് വന്‍കിട കമ്പനികള്‍ക്ക് വഴിയൊരുക്കാനുള്ള കെ.എസ്.ഇ.ബി തുടര്‍ന്നുവരുന്ന ഈ നീക്കം തടയാന്‍ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ജില്ലയിലെ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണാധികാരികളെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമാര്‍ഗങ്ങള്‍ സ്വീകരിക്കാനും കല്‍പ്പറ്റയില്‍ ചേര്‍ന്ന കണ്വെന്ഷന് തീരുമാനിച്ചു.
കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ. ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. ബിനു തോമസ്, അഷ്റഫ്, പി.എം. ഏലിയാസ്, സജി ദേവസ്യ, സി.കെ. സുരേഷ്കുമാര്‍, ബെന്നി ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: