കമ്പരാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ തോല്‍പാവക്കൂത്ത് പാലക്കാട് ജില്ലയില്‍ അരങ്ങേറിവരുന്നു. ദേവീക്ഷേത്രങ്ങളിലെ കൂത്തുമാടത്തറയിലാണ് അവതരണം. ഇതില്‍ ഉപയോഗിക്കുന്ന പാവകള്‍ മാനിന്റെ തോലുകൊണ്ട് നിര്‍മ്മിച്ചവയാണ്. ഇതുകൊണ്ടാണ് തോല്‍പാവക്കൂത്ത് എന്ന പേരുവന്നത്.
കമ്പരാമായണം ആധാരമാക്കി പഞ്ചവടി പ്രദേശം മുതല്‍ പട്ടാഭിഷേകംവരെയുള്ള കഥകളാണ് ഇതില്‍. 21 രാവുകളില്‍ അരങ്ങേറുന്ന വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു.
ചരടുകളുടെ സഹായത്താല്‍ പാവകള്‍ ചലിപ്പിക്കുന്നു. ഇവയുടെ നിഴലുകള്‍ തുണിയില്‍ വീഴ്‌ത്തിയാണ് കൂത്ത്. തോലില്‍ തുളകളും വിവിധ ആകൃതിയില്‍ രൂപങ്ങള്‍ വെട്ടിയെടുക്കും. മുളംതണ്ടില്‍ ഉറപ്പിച്ചാണ് കളിക്കുന്നത്. രംഗപൂജ, ഗുരുവന്ദനം എന്നിവയോടെ ആരംഭിക്കും. വായ്‌ത്താരികള്‍ ചൊല്ലുന്നത് രംഗം കൊഴുപ്പിക്കും. 12 മീറ്റര്‍ നീളത്തിലാണ് കൂത്തുമാടം.
തിരശീലക്ക് അത്ര നീളമുണ്ട്. തിരശീലക്ക് ‘ആയപുടവ’ എന്നാണ് പേര്. വെളുത്ത തിരശീലയുടെ അടിഭാഗം കറുത്ത തുണിയാല്‍ മറച്ചിരിക്കും. നീളംകൂടിയതും വീതികുറഞ്ഞതുമായ പലക തിരശീലയുടെ നീളത്തിനൊപ്പം പിന്നില്‍ ഉറപ്പിക്കും. 21 വിളക്കുകള്‍ പലകയില്‍ കത്തിച്ചുവയ്‌ക്കും. പലകയില്‍ കൊത്തിയ 21 കുഴികളിലാണ് വിളക്കുവച്ചിരിക്കുന്നത്. ഈ പലകക്ക് വിളക്കുമാടം എന്നു പറയും. നാളികേരമുറിയില്‍ എണ്ണ നിറച്ചാണ് വിളക്കുണ്ടാക്കുന്നത്.
കളിയരങ്ങിന്റെ മുന്‍വശം മാലകള്‍, കുരുത്തോലകള്‍ ചാര്‍ത്തി അലങ്കരിക്കും. അണിയറയില്‍ പത്തുപേരോളം കാണും പറയുവാനും പാടാനും പാവകളെ കളിപ്പിക്കാനും. ‘മാടപുലയന്‍’ ആണ് രംഗത്ത് ആവശ്യത്തിനുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.
















