ന്യൂദല്‍ഹി: ഹൃദയം തുറന്ന് ചിരിക്കുന്നതിനുള്ള കാരണം ഹൃദയം തുറന്നതു കൊണ്ടു തന്നെയെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. 2005ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ നടത്തിയ ഹൃദയ ശസ്ത്രക്രിയാണ് സന്തുഷ്ട ജീവിതത്തിനു സഹായിച്ചതെന്ന് ഗെയില്‍ പറഞ്ഞു. ആത്മകഥയായ ‘സിക്‌സ് മെഷിനി’ലാണ് ഈ തുറന്നു പറച്ചില്‍.
ഗെയ്‌ലിന്റെ ഹൃദയത്തില്‍ സുഷിരമുണ്ടായിരുന്നു. ശസ്ത്രക്രിയയ്‌ക്കു ശേഷം കുടുംബത്തെ അറിയിച്ചാല്‍ മതിയെന്നും മറ്റാരും അറിയേണ്ടെന്നു തീരുമാനിച്ചു. ജീവിതത്തിന്റെ വില മനസിലാക്കിയത് അപ്പോഴാണ്. അതിനു ശേഷം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം എഴുതുന്നു.
കളിക്കാരനായ ഗെയിലിനെക്കാളും അധികമാരും അറിയാത്ത കുട്ടിക്കാലവും, കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതവുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്റെ ബാറ്റിങ് പോലെ രസകരമായിരിക്കും പുസ്തകമെന്നു ഗെയില്‍ പറഞ്ഞു.
















