കിടങ്ങൂര്‍: ഓണത്തിന് വിഷവിമുക്തമായ അരിയും അരിയുത്പന്നങ്ങളും വിപണനം നടത്തി കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃക കാട്ടി.
കിടങ്ങൂര്‍ സൗത്ത് കിഴിനാട് പാടശേരത്തില്‍ വിദ്യാര്‍ഥികള്‍ ജൈവകൃഷിചെയ്ത് വിളയിച്ചെടുത്ത നെല്ലാണ് അരിയായും അരി ഉത്പന്നങ്ങളായും വില്‍പന നടത്തിയത്. സ്‌കൂളിലെ ആരണ്യകം പരിസ്ഥിതി ക്ലബ്ബിന്റെയും എസ്.പി.സിയുടെയും ആഭിമുഖ്യത്തിലായിരുന്നു കൃഷിയും വിപണനവും.
കിടങ്ങൂര്‍ ബസ്‌വേയില്‍ നടന്ന വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് ലിസി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കൈലാസിന്റെ അദ്ധ്യക്ഷതയില്‍ ആദ്യ വില്‍പന കിടങ്ങൂര്‍ കൃഷി ഓഫീസര്‍ ബിനി ഫിലിപ്പ് സോമശേരന്‍ നായര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് രമ ബി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രകാശ് ബാബു, പി.ടി.എ അംഗം സതീശന്‍ കുന്നത്ത്, എന്‍.ജി.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍ വാലേല്‍ എന്നിവര്‍ പ്രസംഗിച്ചു.
















