നാറാണത്തുഭ്രാന്തനൊപ്പം ഒരാള്‍ വന്നുചേര്‍ന്നു.അങ്ങയുടെ ശിഷ്യനായി എന്നെ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. പിന്നാലെ നടക്കാന്‍ തുടങ്ങി. അവധൂതനും ആത്മജ്ഞാനിയുമായ അദ്ദേഹം ശിഷ്യനെ സ്വീകരിച്ചില്ല. എങ്കിലും പിന്തുടര്‍ന്നുകൊള്ളാന്‍ അനുവദിച്ചു. നാറാണത്തുഭ്രാന്തന്‍ വിശ്രമമില്ലാതെ നടന്നു. എപ്പോഴും നടത്തം. ക്ഷീണമില്ല. ദിവസങ്ങളോളം ആഹാരം കഴിക്കാതെ അലഞ്ഞുനടക്കും.
പലപ്പോഴും ജലപാനവുമില്ല. സംസാരിക്കാറില്ല, ഉറക്കമില്ല. ശിഷ്യനാകാന്‍ എത്തിയ ആള്‍ വിഷമത്തിലായി. ഒപ്പം നടന്നെത്താന്‍ പലപ്പോഴും അയാള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ അവശനായി പറഞ്ഞു: ‘ഇങ്ങനെ ആഹാരം കഴിക്കാതെയും ജലപാനം ഇല്ലാതെയും നടന്നാല്‍ ഞാന്‍ മരിച്ചുപോകും. നാറാണത്തുഭ്രാന്തന്‍ മറുപടി പറഞ്ഞില്ല. വഴിക്കുവച്ച് പറയന്‍ നാറാണത്തുഭ്രാന്തനെ കുടിലിലേക്ക് ക്ഷണിച്ചു. അയാള്‍ നല്‍കിയ മദ്യം കഴിച്ചു. ഇതുകണ്ട് ശിഷ്യനാകാന്‍ എത്തിയ ആളും മദ്യം കുടിച്ചു.
കുറച്ചു കഴിഞ്ഞ് അവര്‍ കൊല്ലന്റെ ആലയിലെത്തി. അവിടെ ലോഹം ഉരുക്കിവെച്ചിരുന്നു. നാറാണത്തുഭ്രാന്തന്‍ തിളച്ച ഈയം കൈയിലെടുത്ത് കോരിക്കുടിച്ചു. എന്നിട്ട് പിന്നാലെ വന്ന ആളിനോട് പറഞ്ഞു: ‘സാധിക്കുമെങ്കില്‍ തിളച്ച ഈയവും കുടിച്ചുകൊള്ളൂ…’ഈ രംഗം കണ്ടുഭയന്ന അയാള്‍ പിന്തിരിഞ്ഞ് ഓടി. ഗുരു ചെയ്യുന്നതില്‍ തനിക്ക് സൗകര്യമുള്ളവ അനുകരിക്കുകയാണ് ശിഷ്യന്‍ ചെയ്തത്.
പരിമിതികള്‍ മനസ്സിലായപ്പോള്‍ ഗുരുവിനെ വിട്ടുപോയി. ഗുരുവിനെ അനുകരിക്കുക എളുപ്പമെന്ന് തോന്നാം. ഗുരുവിനെ അനുസരിക്കുകയും ഗുരുവില്‍നിന്ന് ത്യാഗം, ക്ഷമ, സ്‌നേഹം, ദയ, വിനയം തുടങ്ങിയ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് യഥാര്‍ത്ഥ ശിഷ്യന്‍ ചെയ്യേണ്ടത്. ശിഷ്യരാകാന്‍ യോഗ്യതയുള്ളവരെ ലഭിക്കുക അസാധ്യമായതുകൊണ്ടാണ് നാറാണത്തുഭ്രാന്തന്‍ ആരെയും ശിഷ്യരായി എടുക്കാതിരുന്നത്. ശരിയായ ഗുരുക്കന്മാര്‍ ധാരാളമുണ്ടാകാം. ശരിയായ ശിഷ്യന്മാര്‍ വിരളമാണെന്ന തത്ത്വമാണ് മനസ്സിലാക്കേണ്ടത്.
സാധാരണക്കാരുടെ ബുദ്ധിക്ക് മഹാന്മാരെ മനസ്സിലാക്കാന്‍ കഴിയാറില്ല. അതുകൊണ്ട് അത്തരം മഹാന്മാരെ ഭ്രാന്തന്മാര്‍ എന്ന് പലരും വിളിക്കാറുണ്ട്. നാറാണത്ത്, ‘ഭ്രാന്തന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ വിളിക്കുന്നതില്‍ അദ്ദേഹത്തിനു ലേശവും പരിഭവം ഇല്ലായിരുന്നു.
















