മലപ്പുറം: ജില്ലാ ആസ്ഥാനത്ത് സുന്ദരമായൊരു മൈതാനമുണ്ട്. പക്ഷേ അവിടേക്ക് ആര്‍ക്കും പ്രവേശനമില്ല. അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും എന്നൊരു ബോര്‍ഡിന്റെ കുറവുമാത്രമേയുള്ളൂ, അവസ്ഥ ഏകദേശം അങ്ങനെ തന്നെ. മലപ്പുറം കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം നാട്ടുകാര്‍ക്ക് അന്യമാണ്. നഗരസഭയുടെ കൈയില്‍ നിന്നും സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം ഏറ്റെടുത്തതോടെ അത് നാടിന് നഷ്ടപ്പെടുകയായിരുന്നു. ഗേറ്റില്‍ വലിയ താഴിട്ടുപൂട്ടി, സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മത്സരങ്ങളുള്ളപ്പോള്‍ മാത്രം ആ വാതില്‍ തുറക്കപ്പെടും. അപ്പോഴും നാട്ടുകാര്‍ക്ക് തങ്ങളുടെ സ്വന്തം സ്റ്റേഡിയത്തില്‍ കയറണമെങ്കില്‍ ടിക്കറ്റ് എടുക്കണം.
ഇതിനെതിരെ പ്രദേശിക ക്ലബ്ബുകളും ഫുട്ബോള്‍ പ്രേമികളും പ്രതിഷേധ മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിട്ടും ഫലംകണ്ടില്ല. ഫുട്ബോളിന്റെ വളര്‍ച്ചക്കും നാട്ടിലെ മികച്ച കളിക്കാര്‍ക്ക് പരിശീലനത്തിനുമെന്ന പേരില്‍ കൊട്ടിയാഘോഷിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. എന്നാല്‍ 2010 മെയ്യില്‍ സ്റ്റേഡിയം മലപ്പുറം നഗരസഭയുടെ കൈയില്‍നിന്നു നവീകരണത്തിനായി സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്തതോടെ എല്ലാം തകിടം മറിയുകയായിരുന്നു. തുടര്‍ന്ന് നാലേമുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മലബാര്‍ പ്രീമിയര്‍ ലീഗും സ്വകാര്യ കമ്പനിയുടെ ഫുട്ബോള്‍ മത്സരവുമൊഴിച്ചാല് കായിക മേഖലക്ക് കാര്യമായ സംഭാവനകള്‍ നല്കുന്ന മത്സരങ്ങളോ, മത്സര മാമാങ്കമോ നടത്താന്‍ സ്റ്റേഡിയത്തില്‍ സാധിച്ചിട്ടില്ല. കൂടാതെ പ്രദേശത്തെ കളിക്കാര്‍ക്ക് പരിശീലനത്തും വിട്ട് നല്കാന് അധികൃതര്‍ക്ക് സാധിച്ചില്ല. മുന്‍കാലങ്ങളില്‍ രാവിലെ ആറുമുതല്‍ കായിക ആരവം നിറയുന്ന കോട്ടപ്പടി കവാത്ത്പറമ്പില് ഇന്ന് ഇതെല്ലാം നിലച്ചു.
നാട്ടുകാര്‍ക്ക് പരിശീലനം നടത്താന്‍ സ്റ്റേഡിയം വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെയും വിവിധ ക്ലബുകളുടെയും ഓള്‍ഡ് ഫുട്ബോള്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നെങ്കിലും നാട്ടുകാര്‍ക്ക് പ്രവേശനം നല്കാന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നില്ല. നാലു വര്‍ഷത്തോളമായ ഈ ആവശ്യത്തിനും ഇന്നും അധികൃതര്‍ മുഖം തിരിച്ച്ുനില്കുകയാണ്. നിലവില്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ പ്രദേശത്തെ പകുതിയില്‍ അധികം വരുന്നവരും കളിക്കാന്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ പരിശീലനം നിര്‍ത്തിയിരിക്കുകയാണ്. ബാക്കി വരുന്നവര്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിനെയാണ് അശ്രയിക്കുന്നത്. ഇത് എംഎസ്പിക്ക് കീഴില്‍ പരിശീലനം നടത്തുന്നവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ സാധാരണ കളിക്കാര്‍ക്ക് ഇത് ഉപകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കൂടാതെ മേല്‍മുറി, കോല്‍മണ്ണ, ഹാജിയാര്‍പള്ളി തുടങ്ങിയ സ്ഥലങ്ങില്‍ നിന്ന് വരുന്നവര്‍ക്ക് സ്ഥലത്ത് എത്തിച്ചേരുന്നതിനും പ്രയാസമുണ്ട്. ഇക്കാരണത്താല്‍ കഴിഞ്ഞ നാല് വര്‍ഷമായി ജില്ലാ ഫുട്ബോള്‍ ഫെഡറേഷനിലേക്ക് പുതുതായി കോട്ടപ്പടി ഭാഗത്ത് നിന്ന് ഒരു കളിക്കാരനും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇതിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.
ഗ്രൗണ്ട് സംരക്ഷണത്തിന് പ്രാധാന്യം നല്കുന്നതിനാലാണ് പ്രദേശത്തുകാര്‍ക്ക് പരിശീലനത്തിന് അനുമതി നിഷേധിച്ചതെന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രതികരണം. ലക്ഷങ്ങള്‍ ചെലവഹിച്ച് ഗ്രൗണ്ടില്‍ നട്ട് പിടിപ്പിച്ച പുല്ല് ഉള്‍പെടെയുള്ള സാധന സമാഗ്രികള് നശിക്കുന്നതിന് തുടര്‍ച്ചയായ പരിശീലനം വിനയാകുമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: