സ്വന്തം ലേഖകന്‍
മലപ്പുറം: വ്യാജമദ്യത്തിന്റെയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെയും കേന്ദ്രമായി ജില്ല മാറുന്നു. ഓണം പെരുന്നാള്‍ ദിനം അടുത്ത സാഹചര്യത്തില്‍ ഈ വര്‍ധനവ് ആശങ്കാജനകമാണ്.
ഓണം പ്രമാണിച്ച് എക്സൈസ്-പോലീസ് സംഘങ്ങള്‍ പരിശോധന ഊര്‍ജ്ജിതമാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വ്യാജമദ്യം ഒഴുകുന്നത് തടയാനായിട്ടില്ല. ഇടക്കിടെ അരക്കിലോ കഞ്ചാവോ രണ്ട് കുപ്പി മദ്യമോ പിടികൂടി എക്സൈസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്.
സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതും നിയന്ത്രിക്കാന്‍ പോലീസിനോ മറ്റ് അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ബാറുകള്‍ അടച്ചതോടെയാണ് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചത്. മലയോര മേഖലയിലും അതിര്‍ത്തി ഗ്രാമങ്ങളിലും വളരെ രഹസ്യമായി ഉപയോഗിച്ചിരുന്ന കഞ്ചാവ് ഇന്ന് നഗരത്തിലും സുലഭമാണ്.
കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ദിവസം എന്നോണം കഞ്ചാവ് പിടികൂടുന്നത്. ജില്ലയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് കാളികാവ് എക്സൈസ് സംഘമാണ്. പ്രശംസനീയമായ ജോലിയാണ് കാളികാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടേത്. എന്നാല്‍ മറ്റ് സ്ഥലങ്ങളിലെ സ്ഥിതി അങ്ങനെയല്ല. വലിയ കുറ്റകൃത്യങ്ങള്‍ക്ക് വരെ കാരണമായേക്കാവുന്ന ലഹരി ഉപയോഗം തടയുന്നതില്‍ അധികൃതര്‍ പൂര്‍ണ്ണ പരാജയമാണ്.
തിരൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരം കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. യാത്രക്കാരും നാട്ടുകാരും പലതവണ പോലീസിന് വിവരം നല്‍കിയിട്ടും നടപടിയുണ്ടായില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്ക്കുന്നവരെ പിടികൂടുന്നതിന് പകരം കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയാണ് പോലീസ് ചെയ്യുന്നത്. ബോധവല്‍ക്കരണം നല്ല കാര്യമാണെന്നും പക്ഷേ ലഹരിയുടെ ഉറവിടം കൂടി നശിപ്പിച്ചാല്‍ മാത്രമേ ബോധവല്‍ക്കരണം പൂര്ണമാകുകയുള്ളെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
ബിവറേജസ് ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങി വില്‍പ്പന നടത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മൂന്ന് ലിറ്റര്‍ മദ്യത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ബിവറേജസില്‍ നിന്നും കിട്ടില്ല. പക്ഷേ ചില ജീവനക്കാരുടെ ഒത്താശയോടെ ഇത്തരക്കാര്‍ അഞ്ചും പത്തും ലിറ്റര്‍ മദ്യം സംഘടിപ്പിക്കുന്നു. ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കും. നഗരങ്ങളില്‍ സദാസമയം ചുറ്റിതിരിയുന്ന മൊബൈല്‍ ബാറുകളുമുണ്ട്. മാഹി മദ്യവും ജില്ലയില്‍ സുലഭമാണ്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വ്യാപകമായി കഞ്ചാവെത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളിലാണ് മിക്കവരും ചരക്കെത്തിക്കുന്നത്. പോലീസിന്റെ പരിശോധന ഉണ്ടാകില്ലെന്നുള്ളതാണ് ഈ വഴി തെരഞ്ഞെടുക്കാനുള്ള കാരണം. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍ക്കുന്ന ഒരു മാഫിയ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. അന്യസംസ്ഥാന തൊഴിലാളിയായതിനാല്‍ പിടിക്കപ്പെട്ടാലും മുതലാളിമാര്‍ക്ക് പ്രശ്നമില്ല.
വരും തലമുറയെ ലഹരിയുടെ തടവറയിലിടാനുള്ള ചിലരുടെ ശ്രമങ്ങള്‍ പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. സ്വന്തം ആവശ്യത്തിന് ബിവറേജസില്‍ വരി നിന്ന് മദ്യം വാങ്ങുന്നവരെയും, ആയുര്‍വേദ മെഡിക്കല്‍ ഷോപ്പിലെ അരിഷ്ടവും പിടികൂടി എക്സൈസ് കരുത്ത് തെളിയിക്കുമ്പോള്‍ സമൂഹത്തിന്റെ ഊര്‍ജ്ജം കാര്‍ന്നെടുത്ത് ഒരു സംഘം വളരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: