തിരുവനന്തപുരം: കായിക വകുപ്പിലെ കുഴപ്പങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റിയോ ഒളിമ്പിക്‌സ് കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പലപ്പോഴും കായികതാരങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമെങ്കിലും കാര്യങ്ങളില്‍ തുടര്‍ച്ചയുണ്ടാകാറില്ല. ചെറുപ്രായത്തിലേ കുട്ടികളില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തണം. പക്ഷേ, നാളിതുവരെ അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ഇതിനായി വിദ്യാഭ്യാസ, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ കൈകോര്‍ത്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഒളിമ്പിക്‌സ് അസോസിയേഷന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികളാണ് കായികരംഗത്ത് ഉണ്ടാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായികമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. വരുന്ന ഏഷ്യന്‍ ബീച്ച് ഗെയിംസ് കേരളത്തില്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച മലയാളി താരങ്ങളായ ഹോക്കി ക്യാപ്ടന്‍ പി.ആര്‍ ശ്രീജേഷ്, അത്‌ലറ്റിക് താരങ്ങളായ അനില്‍ഡ തോമസ്, ടി. ഗോപി, ഒ.പി. ജെയ്ഷ, ജിന്‍സണ്‍ സോണ്‍സണ്‍, പി. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, രഞ്ജിത്ത് മഹേശ്വരി, നീന്തല്‍ താരം സജന്‍ പ്രകാശ് പരിശീലകരായ പി. രാധാകൃഷ്ണന്‍, പ്രദീപ്കുമാര്‍, പി. മുഹമ്മദ് കുഞ്ഞി, എന്‍.വി. നിഷാദ്കുമാര്‍, പി.വി. ജയകുമാര്‍ റിയോയിലെ റഫറിമാരായിരുന്ന വി.എന്‍. പ്രസൂദ്, എസ്. മുരളീധരന്‍, എസ്. രാജീവ് എന്നിവരെ ആദരിച്ചു.
ഒളിമ്പ്യന്‍മാര്‍ക്ക് മൂന്നുലക്ഷം രൂപയും ഫലകവും പൊന്നാടയുമാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. അതേസമയം സ്വീകരണ ചടങ്ങില്‍ നിന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷയും ഉഷാ സ്‌കൂളിലെ താരങ്ങളായ ടിന്റു ലൂക്കയും ജിസ്‌ന മാത്യുവും വിട്ടുനിന്നു.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ.ജി. കിഷോര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അഡ്മിനിട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, സെക്രട്ടറി സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















