പത്തനാപുരം: പൂവിളിയുമായി അത്തംപിറന്നെങ്കിലും പൂവിപണി അത്ര സുഖകരമല്ല. ദിവസേനയുണ്ടാകുന്ന വിലക്കയറ്റവും മുഖ്യമന്ത്രി പിണറായി വിജയന്റെ അത്തപ്പൂക്കളത്തെ പറ്റിയുളള പരാമര്‍ശവും വിപണിയെ തകര്‍ത്തു. മുഖ്യമന്ത്രിയെ ഭയന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കാന്‍ തയ്യാറാകാത്തതോടെ പൂ വില്‍പന കുറഞ്ഞു. ചില ജീവനക്കാരകട്ടെ പേരിന് വേണ്ടി മാത്രം ഒരുക്കുന്നു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് പൂവിപണി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് പൂ വ്യാപാരികള്‍ തന്നെ പറയുന്നു. ഓഫീസുകളില്‍ ജീവനക്കാര്‍ അത്തപ്പൂക്കളം ഒരുക്കാന്‍ തയ്യാറാകാത്തതോടെ വില്‍പന പോയവര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. സ്‌കൂള്‍ കോളേജ് തലത്തിലുളള വിദ്യാര്‍ത്ഥികളും മറ്റുളളവരുമാകട്ടെ തമിഴ്‌നാട്ടിലും മറ്റും പോയാണ് പൂവാങ്ങുന്നത്. ആകെയുണ്ടായിരുന്ന പ്രതീക്ഷ സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. അതും ഇല്ലാതെയായി. അത്തം പിറന്നു ഓണം അടുത്തതോടെ വലിയ വിലവര്‍ദ്ധനവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഇനിയും വില വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കൂടാതെ സര്‍ക്കാര്‍ പരിപാടികളില്‍ പൂമാല, ബൊക്ക, പൂച്ചെണ്ട് എന്നിവ ഒഴിവാക്കണമെന്ന വൈദ്യുത-ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശവും പൂ കച്ചവടത്തെ തകര്‍ക്കുന്നതായി. പുതിയ ഭരണപരിഷ്‌കരണങ്ങളുടെ പേരില്‍ പിണറായി ഇല്ലാതാക്കിയത് ഈ മേഖലയില്‍ പണിയെടുത്തുവരുന്ന ലക്ഷക്കണക്കിന് വ്യാപാരികളെയും തൊഴിലാളികളെയുമാണ്. ഓണക്കാലത്ത് പുഷ്പവ്യാപാരം ലക്ഷ്യമാക്കി അന്യസംസ്ഥാന വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കി കാത്തിരുന്ന പുഷ്പവ്യാപാരികള്‍ക്ക് വലിയ ഇരുട്ടടി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വരുത്തിവച്ചത്.
















